
മുതലമട ചപ്പക്കാട് ലക്ഷംവീട് കോളനിയിലെ യുവാക്കൾ സാമുവൽ (സ്റ്റീഫൻ - 28), അയൽവാസിയായ സുഹൃത്ത് മുരുകേശൻ (28), അവർ എവിടെയെന്ന ചോദ്യത്തിന് ഒരാണ്ടിന്റെ പഴക്കമുണ്ട്. സാമുവലും മുരുകേശനും കഴിഞ്ഞ വർഷം ആഗസ്റ്റ് 30ന് ചപ്പക്കാട്ടെ അവരവരുടെ വീടുകളിൽ നിന്നിറങ്ങി പോയതിനു ശേഷം എന്തു സംഭവിച്ചു?... ഈ ചോദ്യത്തിന് ഇനിയാര് ഉത്തരം നൽകും? ചപ്പക്കാട്ടെ തോട്ടത്തിന്റെ കാവൽക്കാരനായ സാമുവൽ അമ്മ പാപ്പാത്തിയെ കണ്ടതിനുശേഷം സുഹൃത്ത് മുരുകേശനൊപ്പം തോട്ടത്തിലേക്കു പോയെന്നു മാത്രമാണ് നാടിനും നാട്ടുകാർക്കും അറിയാവുന്നത്. പിന്നീടാരും അവരെ കണ്ടിട്ടില്ല. ഇവർക്കെന്താണ് സംഭവിച്ചതെന്നുപോലും പറയാൻ കഴിയാത്തവിധം അന്വേഷണം വഴിമുട്ടിയ നിലയിലാണ്.
ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും മാറിമാറി അന്വേഷിച്ചിട്ടും കാണാതായ യുവാക്കളെ സംബന്ധിച്ച് ഒരു സൂചനയും നാളിതുവരെ ലഭിച്ചിട്ടില്ല. കാണാതായ ദിവസം സാമുവൽ ജോലിചെയ്തിരുന്ന ചപ്പക്കാട്ടിലെ തോട്ടത്തിന്റെ ഭാഗത്തേക്ക് ഇരുവരും പോകുന്നത് നാട്ടുകാർ കണ്ടതായി കൊല്ലങ്കോട് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. സാമുവലിന്റെ ഫോൺ അന്നുരാത്രി 10.30 മുതൽ ഓഫായിരുന്നു. അതോടെ സൈബർ സെല്ലിന്റെ സഹായത്തോടെയുള്ള അന്വേഷണം പാതിവഴിയിൽ അവസാനിച്ചു. ഇരുവരെയും കാണാതായി 60-ാം ദിവസം കേസ് അന്വേഷണം ലോക്കൽ പൊലീസിൽ നിന്ന് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. അന്നത്തെ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയും നിലവിൽ ചിറ്റൂർ ഡിവൈ.എസ്.പിയുമായ സി.സുന്ദരന്റെ നേതൃത്വത്തിലാണ് പിന്നീട് അന്വേഷണം നടന്നത്. കേസിന്റെ ഭാഗമായി 300 ലധികം പേരെ ചോദ്യം ചെയ്യുകയും തെളിവെടുപ്പ് നടത്തുകയും ചെയ്‌തെങ്കിലും ചില സൂചനകൾക്കപ്പുറം കാര്യമായ തെളിവുകൾ യാതൊന്നും ലഭിച്ചില്ലെന്നെന്നാണ് അന്വേഷണസംഘം പറയുന്നത്.
ദുരൂഹത വർദ്ധിപ്പിക്കുന്ന തലയോട്ടി
സാമുവലിനെയും മുരുകേശനെയും കാണാതായതിന്റെ അധികം അകലെയല്ലാതെ ആലാംപാറയിൽ ഫെബ്രുവരി 12ന് മനുഷ്യന്റെ തലയോട്ടി കണ്ടെത്തിയിരുന്നു. ഇത് കൂടുതൽ ദുരൂഹത വർദ്ധിപ്പിച്ചിട്ടുണ്ട്. തലയോട്ടി കണ്ടെത്തി ആറുമാസം പിന്നിട്ടിട്ടും അതിന്റെ ഡി.എൻ.എ പരിശോധനാഫലം വന്നിട്ടില്ല. 20നും 40നും ഇടയ്ക്ക് പ്രായമുള്ളയാളുടേതാണ് തലയോട്ടി. സാമുവലിന്റെയും മുരുകേശന്റെയും കുടുംബാഗംങ്ങളുടെ രക്ത സാംപിളുകൾ അന്വേഷണസംഘം ശേഖരിച്ചിരുന്നു. ഇതിന്റെ പരിശോധനാഫലം വേഗത്തിൽ പുറത്തുവിടണമെന്നാണ് ഇരുവരുടേയും കുടുംബം ആവശ്യപ്പെടുന്നത്. ഇവരുടെ ഡി.എൻ.എ ഫലം അന്വേഷണത്തിന് വഴിത്തിരിവാകുമെന്ന വിശ്വാസത്തിലാണ് അന്വേഷണസംഘവും. സാമുവൽ മാത്രമാണ് ഫോൺ ഉപയോഗിച്ചിരുന്നത്. ആഗസ്റ്റ് 30ന് രാത്രി 10.30 മുതൽ ഫോൺ ഓഫായതിനാൽ സൈബർ സെല്ലിന്റെ സഹായത്തോടെയുള്ള അന്വേഷണം വഴിമുട്ടി. പൊലീസ് നായ അവസാനമായി സാമുവലിന്റെ മൊബൈൽ ഫോൺ സിഗ്നൽ ലഭിച്ച സ്വകാര്യതോട്ടത്തിലെ ഷെഡിന് സമീപത്തെത്തിയത് സംശയമുണർത്തിയിരുന്നു. എന്നാൽ, യുവാക്കളെ കാണാതായ രാത്രിയിലും പൊലീസ് നായ വന്നതിനു മണിക്കൂറുകൾക്കു മുമ്പും മഴ പെയ്തിരുന്നതിനാൽ നായയെ ഉപയോഗിച്ചുള്ള പരിശോധനയും വിഫലമായി.
സ്വകാര്യതോട്ടങ്ങളിലും സമീപത്തെ വനപ്രദേശങ്ങളിലും വനം വകുപ്പ്- അഗ്നിശമനസേന, നാട്ടുകാർ എന്നിവരൊത്ത് പൊലീസ് വ്യാപക തിരച്ചിൽ നടത്തിയിരുന്നു. ഡ്രോൺ ഉപയോഗിച്ചും പരിശോധന നടത്തി. ഇതോടെ യുവാക്കളുടെ തിരോധാനത്തെക്കുറിച്ച് അന്വേഷിക്കാൻ സി.ബി.ഐ വരട്ടെ എന്നാണ് കുടുംബവും ജനപ്രതിനിധികളും നാട്ടുകാരും ആവശ്യപ്പെടുന്നത്.
സാമുവലിന്റെ കുടുംബത്തിൽ ഇനി രാജുമാത്രം
സാമുവലിനെ കാണാതായി ഒരു വർഷമാകുമ്പോഴേക്കും ആ കുടുംബത്തിലെ മൂന്ന് പേരാണു മരിച്ചത്. ജനുവരി 22നു സാമുവലിന്റെ അച്ഛൻ ശബരിമുത്തു അസുഖ ബാധിതനായി മരിച്ചു. ആഗസ്റ്റ് 15നു വീടിനടുത്തെ ഓല ഷെഡിൽ സഹോദരൻ ജോയൽരാജിനെ (ജോൺ) മരിച്ചനിലയിലും കണ്ടെത്തി. ന്യുമോണിയ ബാധിച്ചതാണ് മരണകാരണമെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. മകന്റെ തിരോധാനവും ഭർത്താവിന്റെയും മറ്റൊരു മകന്റെയും മരണവും നൽകിയ ആഘാതം താങ്ങാനാകാതെ സാമുവലിന്റെ അമ്മ പാപ്പാത്തി, ജോയൽ രാജ് മരിച്ചതിന്റെ നാലാംദിവസം മരിച്ചു. ഇനി കുടുംബത്തിൽ അവശേഷിക്കുന്നതു സാമുവലിന്റെ സഹോദരൻ രാജു(27) മാത്രം. സാമുവലിന്റെ തിരോധാനത്തിനുശേഷം കുടുംബത്തിൽ നടന്ന മൂന്നുമരണങ്ങളിലും ദുരൂഹത ഉന്നയിക്കുന്നവരുമുണ്ട്. സാമുവലിനൊപ്പം കാണാതായ മുരുകേശൻ പട്ടികവർഗ വിഭാഗത്തിൽപ്പെട്ടയാളാണ്. മുരുകേശനെ കാണാതാകുമ്പോൾ ഭാര്യ സംഗീത പ്രസവിച്ച് മൂന്നുമാസമേ ആയിരുന്നുള്ളൂ. കൈക്കുഞ്ഞുമായി തമിഴ്നാട് ആളിയാറിലെ ബന്ധുവീട്ടിലാണ് സംഗീത താമസിക്കുന്നത്. ഇരുകുടുംബങ്ങൾക്കും സർക്കാർ സാമ്പത്തികസഹായം ലഭ്യമാക്കണമെന്നാണ് ആവശ്യം.
പൊലീസിനും തലവേദന
ബഹുമുഖ അന്വേഷണം നടത്തിയിട്ടും യുവാക്കൾക്ക് എന്തു സംഭവിച്ചെന്ന് പറയാൻ കഴിയാത്തത് അന്വേഷണ സംഘത്തിന് വലിയ തലവേദനയായിരിക്കുകയാണ്. യുവാക്കളുടെ തിരോധാനത്തിൽ കേസെടുത്തതു മുതൽ ജില്ലയിലെ വിദഗ്ധരായ അന്വേഷണ ഉദ്യോഗസ്ഥരെല്ലാം ഈ കേസിന്റെ ഭാഗമായിട്ടുണ്ട്. ചപ്പക്കാട് വിട്ട് ഇവർ പോയിട്ടുണ്ടാകില്ലെന്ന നിഗമനത്തിൽ തുടങ്ങിയ അന്വേഷണം പിന്നീട് സംസ്ഥാന അതിർത്തിക്ക് അപ്പുറവും എത്തിയിരുന്നു. പ്രദേശത്തെ നീർച്ചാലുകളിലെ മണ്ണുനീക്കിയും കൊക്കർണി ( കിണറിന് സമാനമായ ജലസ്രോതസ് ) യിലെ വെള്ളം വറ്റിച്ചും തുടരെത്തുടരെ പരിശോധനകൾ നടന്നു. എൻ.എസ്.ജി ഭീകര വിരുദ്ധദൗത്യങ്ങൾക്ക് ഉപയോഗിക്കുന്ന ഭൂമിക്കടിയിലെ മനുഷ്യസാന്നിദ്ധ്യം കണ്ടെത്താൻ ശേഷിയുള്ള ബെൽജിയൻ മാലിനോസ് വിഭാഗത്തിൽപെട്ട നായകളുമായി രണ്ടു തവണ പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഫെബ്രുവരി 12ന് ചപ്പക്കാട് ആലാംപാറയിൽ നിന്നും തലയോട്ടി കണ്ടെത്തിയതോടെ അന്വേഷണം അതിനെ ചുറ്റിപ്പറ്റിയായി. 20നും 40നും ഇടയ്ക്കു പ്രായമുള്ളയാളിന്റേതാണു തലയോട്ടി എന്നു സ്ഥിരീകരിച്ചിട്ടുണ്ട്. അന്വേഷണം വഴിതിരിച്ചുവിടാൻ ആരെങ്കിലും തലയോട്ടി കൊണ്ടിട്ടതാണോ എന്ന സംശയത്തിൽ ശ്മശാനം കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തിയിരുന്നു. ഇതും വഴിമുട്ടിയ നിലയിലാണ്. ഒടുവിൽ അവശേഷിക്കുന്നത് സാമുവലും മുരുകേശനും എവിടെയന്ന ചോദ്യം മാത്രം.