nikah

കാസർകോട്: നാടിന്റെ ശാപമായി മാറിയ ലഹരി കടത്തു കേസുകളിൽ അകപ്പെട്ടാൽ വിവാഹത്തിന് മഹല്ലുകളിലേക്ക് കത്ത് നൽകില്ലെന്ന് കാഞ്ഞങ്ങാട് പടന്നക്കാട് മുഹ്‌യുദ്ദീൻ ജമാഅത്ത് കമ്മിറ്റി തീരുമാനിച്ചു. പ്രാഥമികാംഗത്വത്തിൽ നിന്ന് ഇത്തരക്കാരെ സസ്‌പെൻഡ് ചെയ്യും. മരിച്ചാൽ കബറടക്കത്തിനു ശേഷമുള്ള ചടങ്ങുകളുമായി സഹകരിക്കില്ല. മയക്കുമരുന്ന് കടത്തുകേസിൽ കൂടുതലായും പ്രതികളാകുന്നത് അവിവാഹിതരായ യുവാക്കളാണ്. മുഹ്‌യുദ്ദീൻ ജമാഅത്ത് മാതൃക പിന്തുടർന്ന് ഒഴിഞ്ഞവളപ്പിലെയും ഞാണിക്കടവിലെയും പള്ളി കമ്മിറ്റികളും ഈ നടപടിയിലേക്ക് നീങ്ങുകയാണ്.

പടന്നക്കാട് ജമാഅത്തിന്റെ കീഴിലുള്ള 560 കുടുംബങ്ങളും തീരുമാനം സ്വാഗതംചെയ്തു. കല്യാണം കഴിക്കാൻ ജമാഅത്തിന്റെ ക്ളീയറൻസ് സർട്ടിഫിക്കറ്റ് മഹല്ലുകളിൽ നൽകണം. ഇല്ലെങ്കിൽ മണവാട്ടിയെ കിട്ടില്ല. വിവാഹത്തിന് മഹല്ലിലെ ആരും സഹകരിക്കില്ല. ഈയൊരു ഭയം കാരണം ലഹരി വഴികളിൽ നിന്ന് കുട്ടികൾ വിട്ടുനിൽക്കുമെന്നാണ് കരുതുന്നത്. അംഗത്വത്തിൽ നിന്ന് പുറത്താക്കിയാൽ 'നല്ല നടപ്പ്' കഴിഞ്ഞു ഹ‌ർജി നൽകിയാൽ മാപ്പ് നൽകി തിരിച്ചെടുക്കാനും അവസരമുണ്ട്. രണ്ടുപേരെ ഈ നിലയിൽ തിരിച്ചെടുത്തിട്ടുണ്ട്.

2018 ൽ എടുത്ത തീരുമാനമാണെങ്കിലും നിബന്ധന കൂടുതൽ കർശനമാക്കിയത് ഇപ്പോഴാണ്. അടുത്തിടെ നാലു പേരെ ലഹരി കടത്തുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്യുകയും മഹല്ല് പരിധിയിലെ 10 പേർ പുതുതായി കേസിൽ അകപ്പെടുകയും ചെയ്തതോടെയാണ് നിബന്ധനകൾ കടുപ്പിച്ചത്. ലഹരി കേസിൽ അകപ്പെട്ട 10 പേരെ മഹല്ലിൽ നിന്ന് പുറത്താക്കുകയും ചെയ്തു. എ.എം. കുഞ്ഞാമ്മദ് ഹാജി പ്രസിഡന്റും സി.എം അബൂബക്കർ സെക്രട്ടറിയുമായ കമ്മിറ്റിയാണ് തീരുമാനമെടുത്തത്.

പടന്നക്കാടിന്റെ പേരുദോഷം തീർക്കാൻ

ലഹരി കേസിൽ പിടിയിലാകുന്നവർ പടന്നക്കാടുകാർ ആണെന്ന പ്രചാരണം മഹല്ല് കമ്മിറ്റിയെയും കുടുംബങ്ങളെയും വിഷമിപ്പിച്ചു. ഈ 'പേരുദോഷം" ഒഴിവാകാൻ ഇതല്ലാതെ മറ്റു വഴികളില്ലെന്നാണ് അംഗങ്ങൾ തീർത്തുപറഞ്ഞത്. കടുത്ത നിലപാട് പുറത്തുവന്നതോടെ കുടുംബങ്ങളിൽ വലിയ മാറ്റങ്ങൾ ദൃശ്യമായി. മോശം വഴിക്ക് പോകരുതെന്നും മയക്കയുമരുന്ന് സംഘങ്ങളുമായി കൂട്ടുകെട്ട് വേണ്ടെന്നും രക്ഷിതാക്കൾ മക്കളെ ഉപദേശിച്ചു.