vizhinjam-protest

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ കവാടത്തിൽ ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരത്തിൽ സമവായമുണ്ടാകാതെ വന്നതോടെ അന്താരാഷ്‌ട്ര തലത്തിൽ കേരളത്തിന് കനത്ത തിരിച്ചടി. 3000 കോടിയിലേറെ നിക്ഷേപം നടത്തിയ പദ്ധതിയിൽ അദാനി ഗ്രൂപ്പിന് പലിശയിനത്തിൽ മാത്രം 32 കോടി രൂപ നഷ്‌ടമാണ്. സംസ്ഥാനത്ത് വരാനിരിക്കുന്ന നിക്ഷേപ സാദ്ധ്യതകൾക്കും സമരം തിരിച്ചടിയാകും. ഓണത്തിനുമുമ്പ് അവലോകന യോഗം ചേർന്ന് തുറമുഖത്തിന്റെ നിർമ്മാണം പുനരാരംഭിക്കാനായിരുന്നു അദാനി ഗ്രൂപ്പിന്റെയും സർക്കാരിന്റെയും നീക്കം.

എന്നാൽ സമരം അവസാനിക്കാത്തതും അപ്രതീക്ഷിതമായി പെയ്യുന്ന മഴയുമാണ് നിലവിലെ പ്രതിസന്ധി. സമരം16 ദിവസം പിന്നിട്ടിട്ടും ഇരുപക്ഷവും തങ്ങളുടെ നിലപാടുകളിൽ ഉറച്ചുനിൽക്കുകയാണ്. സമരം സർക്കാരിനെയും സി.പി.എമ്മിനെയും പ്രതിസന്ധിയിലാക്കുന്നുണ്ട്. ലത്തീൻ സമുദായത്തിൽപ്പെട്ട മന്ത്രി ആന്റണിരാജുവിനും സമരം വരുത്തിവയ്‌ക്കുന്ന ക്ഷീണം ചെറുതല്ല. ആന്റണി രാജു മുൻകൈയെടുത്താണ് പലതവണ മന്ത്രിസഭാ ഉപസമിതി യോഗം ചേർന്നത്. മുഖ്യമന്ത്രിയടക്കം ചർച്ച നടത്തിയെങ്കിലും പ്രതിഷേധക്കാർ ഇപ്പോൾ ചർച്ചകളുമായി നിസഹകരണം നടത്തുകയാണ്. തുറമുഖ നിർമ്മാണം നിറുത്തിവച്ച് തീരശോഷണത്തെക്കുറിച്ച് ശാസ്ത്രീയപഠനം നടത്തണമെന്ന കാര്യത്തിൽ തീരുമാനമാകാത്തതാണ് ചർച്ചയിലെ പ്രതിസന്ധി. സംസ്ഥാനത്തിന്റെ വികസനത്തിൽ നാഴികക്കല്ലാകുന്ന പദ്ധതി നിറുത്തിവയ്‌ക്കാനാകില്ലെന്ന് സർക്കാർ നിയമസഭയിലടക്കം പലതവണ വ്യക്തമാക്കിട്ടുണ്ട്. നിർമ്മാണം പുരോഗമിക്കുമ്പോൾത്തന്നെ ശാസ്‌ത്രീയപഠനവും നടത്താമെന്നാണ് സർക്കാർ നിലപാട്.

ചർച്ചകൾ പലവഴി

പല മേഖലയിലുള്ള ഇടനിലക്കാരും സർക്കാരിനുവേണ്ടി പ്രതിഷേധക്കാരുമായി അനൗദ്യോഗിക ചർച്ചകൾ നടത്തുന്നുണ്ട്. ഇതിൽ പ്രധാനി മന്ത്രി ആന്റണി രാജുവാണ്. സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനടക്കമുള്ളവരും അതിരൂപത വികാരി ജനറൽ യൂജിൻ പെരേരയുമായി ചർച്ച നടത്തി. പുനരധിവാസത്തിന് നടപടികൾ തുടങ്ങിയതായി സർക്കാർ അറിയിച്ചിട്ടുണ്ട്. എന്നാൽ ഇതിന്റെ പുരോഗതി കൃത്യമായി നിരീക്ഷിക്കാൻ സംവിധാനമൊരുക്കണമെന്നാണ് അതിരൂപതയുടെ ആവശ്യം. പുനരധിവസിപ്പിക്കുന്നതിന് വീട്ടുവാടക നിശ്ചയിക്കുന്നതിലും തർക്കം നിലനിൽക്കുന്നുണ്ട്. സമരം അവസാനിപ്പിക്കാനുള്ള ഏത് ചർച്ചയ്‌ക്കും മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ തയ്യാറാണെന്നാണ് തുറമുഖ വകുപ്പ് വൃത്തങ്ങൾ പറയുന്നത്. ഓണം വാരാഘോഷം നടക്കുമ്പോൾ സമരക്കാർ വള്ളവും വലയുമായി നഗരത്തിലിറങ്ങുമോയെന്നും സർക്കാർ ഭയക്കുന്നുണ്ട്. അടുത്തദിവസം സതേൺ കൗൺസിൽ യോഗത്തിൽ പങ്കെടുക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ഷാ അടക്കമുള്ളവർ കോവളത്തെത്തുന്നുണ്ട്.