
ദുബായ്: 184 റൺസിന്റെ വിജയലക്ഷ്യം നാല് പന്ത് മാത്രം ബാക്കിനിൽക്കെ നേടിയെടുത്ത് സൂപ്പർ ഫോർ കടമ്പ കടന്ന് ലങ്ക. നിർണായക മത്സരവും തോറ്റതോടെ ഏഷ്യാ കപ്പിൽ നിന്നും ബംഗ്ലാദേശ് പുറത്തായി. ആദ്യ മത്സരങ്ങളിൽ ഇരുടീമുകളും അഫ്‌ഗാനോട് തോറ്റതോടെ രണ്ടാം മത്സരം ഇരുവർക്കും നിർണായകമായിരുന്നു.
ടോസ് നേടിയ ശ്രീലങ്കൻ ക്യാപ്‌റ്റൻ ദസുൻ ഷനക ബൗളിംഗ് തിരഞ്ഞെടുത്തു. ബംഗ്ളാദേശിനായി ഓപ്പണർ മെഹ്‌ദി ഹസൻ (26 പന്തിൽ 38), ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസൻ(24), അഫിഫ് ഹൊസൈൻ (39) എന്നിവർ നന്നായി പൊരുതി. ഒപ്പം മഹ്‌മദുളള(27), മൊസാദിക് ഹൊസൈൻ(പുറത്താകാതെ 24) എന്നിവരും ചേർന്ന് 183 എന്ന ടോട്ടലെത്തിച്ചു.
മറുപടി ബാറ്റിംഗിനിറങ്ങിയ ലങ്കയുടെ തുടക്കം ശ്രദ്ധയോടെയായിരുന്നു. സ്‌കോർ 45 എത്തിയപ്പോഴാണ് ആദ്യ വിക്കറ്റ് വീണത്. നിസങ്ക(20)യെ എബാദോത് ഹൊസൈൻ പുറത്താക്കി. എന്നാൽ ഉറച്ചുനിന്ന് കളിച്ച വിക്കറ്റ് കീപ്പർ ബാറ്റർ കുശാൽ മെൻഡിസ് (37 പന്തിൽ 60) മികച്ച കളി പുറത്തെടുത്തു. ഒരിടയ്‌ക്ക് കളി കൈവിട്ടു എന്ന് തോന്നിയ നിമിഷം മെൻഡിസ് നായകൻ ഷനകയ്‌ക്കൊപ്പം(33 പന്തിൽ 45) ശക്തമായി പോരാടി. എന്നാൽ മെൻഡിസിനെ ടസ്‌കിൻ അഹമ്മദ് മികച്ച ക്യാച്ചിലൂടെ പുറത്താക്കിയതോടെ ലങ്ക വീണ്ടും പരാജയം മണത്തു. പിന്നാലെ ഹസരങ്കയും ഷനകയും പുറത്തായതോടെ തോൽവി ഏതാണ്ട് ലങ്ക ഉറപ്പിച്ച മട്ടായിരുന്നു. എന്നാൽ കരുണരത്നെ(10 പന്തിൽ 16), പതിനൊന്നാമൻ അഷിത ഫെർണാണ്ടോ( മൂന്ന് പന്തിൽ 10) എന്നിവരുടെ മനസാന്നിദ്ധ്യം ലങ്കയെ നാല് പന്ത് ശേഷിക്കെ 184 എന്ന സ്കോറിലെത്തിച്ചു.