finger-print

കൊച്ചി: സാധാരണയായി ഒരു കുറ്റകൃത്യമുണ്ടായാൽ വിരലടയാള വിദഗ്‌ദ്ധർ സംഭവസ്ഥലത്തെത്തി വിരലടയാളം പകർത്തുന്നത് പതിവാണ്. കാരണം കുറ്റവാളികളെ തിരിച്ചറിയാനായി അത്രമേൽ കുറ്റമറ്റ സംവിധാനമായാണ് വിരലടയാളത്തെ കണക്കാക്കുന്നത്. എന്നാൽ വിരലടയാളത്തിന്റെയും വിശ്വാസ്യത ചോദ്യം ചെയ്യുന്ന സംഭവവികാസങ്ങളാണ് തെലങ്കാന പൊലീസ് റിപ്പോർട്ട് ചെയ്യുന്നത്.

കുവൈറ്റിലേയ്ക്ക് നിയമവിരുദ്ധമായി ആളുകളെ കടത്താനായി ശസ്തക്രിയയിലൂടെ വിരലടയാളത്തിൽ കൃത്രിമം നടത്തിയ രണ്ട് പേരെ തെലങ്കാന പൊലീസ് അറസ്റ്റ് ചെയ്തു. രാജസ്ഥാനിലും കേരളത്തിലുമായി വിരലടയാള ക്രമം മാറ്റുന്നതിനായി ഇത്തരം 11 ശസ്ത്രക്രിയകൾ 25,000 രൂപ വീതം ഈടാക്കി ഇവർ നടത്തിയിട്ടുള്ളതായി പൊലീസ് അറിയിച്ചു. നാട് കടത്തപ്പെട്ടതിനു ശേഷം കുവൈറ്റിലേയ്ക്ക് തിരികെ പ്രവേശിക്കാനായി ശസ്ത്രക്രിയയ്ക്ക് വിധേയരായ രണ്ട് പേരെയും പൊലീസ് അറസ്റ്റ് ചെയ്യുകയും, ശസ്ത്രകിയയ്ക്കായി ഉപയോഗിക്കുന്ന മെഡിക്കൽ കിറ്റുകളടക്കം പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.


തിങ്കളാഴ്‌ച മൽക്കജ്ഗിരിയിൽ നിന്നുള്ള സ്‌പെഷ്യൽ ഓപ്പറേഷൻ ടീമും, ഘട്ട്‌ഖേസർ പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് സംഘത്തിലെ ഗജ്ജലകൊണ്ടുഗാരി നാഗ മനേശ്വർ റെഡ്ഢി, സാഗബാല വെങ്കട്ട് രമണ, ബോവില്ല ശിവ ശങ്കർ റെഡ്ഢി, റെണ്ട്ല രാമകൃഷ്ണ റെഡ്ഢി എന്നിവർ പിടിയിലായത്. പൊലീസ് റിപ്പോർട്ട് പ്രകാരം കടപ്പ ജില്ലയിലെ കൃഷ്ണ ഡയഗ്നോസ്റ്റിക്സിലെ എക്സ്‌റേ ടെക്നീഷ്യനാണ് 36 വയസുകാരനായ ഗജ്ജലകൊണ്ടുഗാരി നാഗ മനേശ്വർ റെഢി. തിരുപ്പതി ഡി.ബി.ആർ ആശുപത്രിയിലെ അനസ്തീഷ്യ ടെക്നീഷ്യനാണ് 39 വയസുകാരനായ സാഗബാല വെങ്കട്ട് രമണ.


വിവിധ കുറ്റകൃത്യങ്ങളിൽ പിടിയിലായി നാട് കടത്തപ്പെട്ടവർക്ക് അധികൃതരുടെ കണ്ണ് വെട്ടിച്ച് തിരികെ കുവൈറ്റിലേയ്ക്ക് കടക്കാനായാണ് ഇവർ വിരലടയാള മാറ്റ ശസ്ത്രക്രിയ സൗകര്യമൊരുക്കിയിരുന്നത്. ഇതിനായി വിരൽത്തുമ്പിന് മുകളിലെ പാളി മുറിച്ചു മാറ്റി, അവിടുത്തെ ടിഷ്യുവിന്റെ ഒരു ഭാഗം നീക്കം ചെയ്ത് വീണ്ടും തുന്നി കെട്ടുന്നതായിരുന്നു ഇവരുടെ രീതി.


ഒന്നോ, രണ്ടോ മാസത്തിനുള്ളിൽ മുറിവുണങ്ങുന്നതോടെ വിരലടയാളത്തിൽ നേരിയ മാറ്റമുണ്ടാകും. ഇത് മുതലാക്കി ശസ്ത്രക്രിയയ്ക്ക് വിധേയരായവർ, ആധാറിൽ പുതിയ വിരലടയാളം ഉൾപ്പെടുത്തുകയും, അധികൃതരെ കബളിപ്പിച്ച് വേറൊരു വിലാസത്തിൽ കുവൈറ്റിലേയ്ക്കുള്ള വീസയ്ക്ക് അപേക്ഷിക്കുകയും ചെയ്യും.