
കൊച്ചി: രാജ്യത്തിന് അഭിമാനമായി കൊച്ചി കപ്പൽശാല നിർമ്മിച്ച ഇന്ത്യയുടെ ആദ്യ തദ്ദേശീയ വിമാനവാഹിനി കപ്പൽ 'വിക്രാന്ത്' പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നാടിന് സമർപ്പിക്കും. കപ്പൽശാലയിൽ രാവിലെ 9.30നാണ് ചടങ്ങ്. ദേശീയപതാകയും തുടർന്ന് നാവികസേനയുടെ പതാകയും പ്രധാനമന്ത്രി കപ്പലിൽ ഉയർത്തുന്നതോടെ കപ്പൽ നാവിക സേനയുടെ ഭാഗമാകും. ഐ.എൻ.എസ് വിക്രാന്ത് എന്ന് പേരുമാകും.
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, നാവികസേനാ മേധാവി അഡ്മിറൽ ആർ. ഹരികുമാർ എന്നിവർ കർശനമായ സുരക്ഷയോടെ നടക്കുന്ന ചടങ്ങിൽ പങ്കെടുക്കും. വിക്രാന്തിന്റെ സമർപ്പണ ചടങ്ങിന് ശേഷം നാവികവിമാനത്താവളത്തിൽ നിന്ന് ഹെലികോപ്റ്ററിൽ പ്രധാനമന്ത്രി നെടുമ്പാശേരി വിമാനത്താവളത്തിലെത്തും. ഇവിടെ നിന്ന് മംഗലാപുരത്തേക്ക് പോകും.
20,000 കോടി രൂപ ചെലവിട്ട് 2005 ഏപ്രിലിൽ നിർമ്മാണം തുടങ്ങി 15 വർഷം കൊണ്ടാണ് കപ്പൽ നീറ്റിലിറങ്ങിയത്. മിസൈൽ ഉൾപ്പെടെ ആയുധങ്ങൾ ഘടിപ്പിച്ച് വിക്രാന്ത് യുദ്ധസജ്ജമാകാൻ ഒന്നര വർഷം കൂടിയെടുക്കും.ചടങ്ങുകളുടെ ഭാഗമായി കൊച്ചിയിൽ ഇന്ന് കർശന സുരക്ഷയും ഗതാഗത നിയന്ത്രണവും ഉണ്ടാകും.