ins-vikrant

കൊച്ചി: രാജ്യത്തിന്റെ അഭിമാനം വാനോളമുയർത്തി കൊച്ചി കപ്പൽശാല നിർമ്മിച്ച ഇന്ത്യയുടെ ആദ്യ തദ്ദേശീയ വിമാനവാഹിനി കപ്പൽ 'വിക്രാന്ത്' പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമർപ്പിച്ചു. രാവിലെ ഒൻപതരയോടെ കൊച്ചിയിലെ കപ്പൽശാലയിൽ ചടങ്ങുകൾ ആരംഭിച്ചു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, നാവികസേനാ മേധാവി അഡ്‌മിറൽ ആർ ഹരികുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചതിന് ശേഷം കമ്മിഷനിംഗിന് മുൻപായി നാവികസേനയുടെ പുതിയ പതാക പ്രധാനമന്ത്രി പ്രകാശനം ചെയ്തു. കൊളോണിയൽ മുദ്രകൾ പൂർണമായി നീക്കിയ പതാകയാണ് പ്രകാശനം ചെയ്തത്. വിക്രാന്ത് സമർപ്പണത്തിലൂടെ രാജ്യം പുതിയൊരു സൂര്യോദയത്തിന് സാക്ഷിയാകുകയാണെന്ന് ചടങ്ങ് അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ശക്തമായ ഭാരതത്തിന്റെ ശക്തമായ ചിത്രമാണിത്. രാജ്യത്തിന്റെ പ്രതിബദ്ധതയുടെ പ്രതീകം.

അഭിമാനമുഹൂർത്തമാണിത്. ഒരു ലക്ഷ്യവും അസാദ്ധ്യമല്ലെന്ന് വിക്രാന്ത് തെളിയിച്ചു. സമുദ്രമേഖലയിലെ വെല്ലുവിളികൾക്ക് രാജ്യത്തിന്റെ ഉത്തരമാണിത്. വിക്രാന്തിലൂടെ രാജ്യംലോകത്തിന് മുന്നിലെത്തി. കേരളത്തിന്റെ പുണ്യഭൂമിയിൽ നിന്ന് രാജ്യത്തിനായുള്ള നേട്ടം. ലോകത്തിന് ശക്തമായ ഭാരതം ആവശ്യമാണ്. ശക്തമായ ഭാരതം സുരക്ഷിത ലോകത്തിന് മാർഗദർശിയാകും. നാവികസേനയ്ക്ക് കരുത്തും ആത്മധൈര്യവും കൂടി. അതിശക്തമായ നാവികസേന സമുദ്രവ്യാപാരം വർദ്ധിപ്പിക്കുന്നതിന് സഹായകമാകും.

വിക്രാന്ത് ആത്മനിർഭർ ഭാരതത്തിന്റെ പ്രതീകമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. പുതിയ നൂറ്റാണ്ടിലെ ഇന്ത്യയുടെ മുദ്ര. എല്ലാ പൗരൻമാരും തദ്ദേശീയമായ ഉത്പന്നങ്ങൾക്കായി നിലകൊള്ളണമെന്ന് നിർദേശിച്ച അദ്ദേഹം വിക്രാന്തിന് പിന്നിൽ പ്രവർത്തിച്ച തൊഴിലാളികൾക്കും എഞ്ചിനീയർമാർക്കും നന്ദി പറഞ്ഞു.

ഐ എൻ എസ് വിക്രാന്ത് സ്വയം പര്യാപ്തതുടെ പ്രതീകമാണെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. വിക്രാന്ത് രാജ്യത്തിന് മുതൽക്കൂട്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിക്രാന്ത് അഭിമാന നേട്ടമാണെന്ന് നാവികസേനാ മേധാവി അഡ്‌മിറൽ ആർ ഹരികുമാർ പറഞ്ഞു.

Prime Minister Narendra Modi receives the Guard of Honour as he arrives for the Commissioning ceremony of the first indigenous aircraft carrier, at Cochin Shipyard Limited in Kochi, Kerala.#INSVikrant pic.twitter.com/zIUiI1JDNL

— ANI (@ANI) September 2, 2022