liquor-sale-

കൊച്ചി: കലൂർ ബസ് സ്റ്റാൻഡിലും പരിസരത്തും ചെറുകുപ്പികളിലാക്കി മദ്യക്കച്ചവടം നടത്തിയ തമിഴ്നാട് സ്വദേശി കലൂർ മണപ്പാട്ടിപ്പറമ്പിൽ താമസിക്കുന്ന കോളാഞ്ചി മുത്തു (പാൽപാണ്ടി 52) വിനെ എക്‌സൈസ് അറസ്റ്റു ചെയ്തു. പ്ലാസ്റ്റിക് കുപ്പികളിൽ നിന്നായി നാലു ലിറ്റർ മദ്യം പിടിച്ചെടുത്തു. രാവിലെ കൂലിപ്പണിക്ക് പോകുന്നവർക്കാണ് 'സർബത്ത് ഷേക്ക് ' എന്ന പേരിൽ മദ്യം വിറ്റിരുന്നതെന്ന് എക്‌സൈസ് അറിയിച്ചു. എക്‌സൈസ് സംഘം പിന്തുടർന്നപ്പോൾ മദ്യമടങ്ങിയ സഞ്ചി വലിച്ചെറിഞ്ഞ് ഓട്ടോറിക്ഷയിൽ രക്ഷപ്പെടാൻ ശ്രമിച്ചയാളെ പിന്തുടർന്ന് പിടികൂടി.

അസി. ഇൻസ്‌പെക്ടർ കെ.വി. ബേബി, സിറ്റി മെട്രോ ഷാഡോ പ്രിവന്റീവ് ഓഫീസർ അജിത് കുമാർ എൻ.ജി., സിവിൽ എക്‌സൈസ് ഓഫീസർ എൻ.ഡി. ടോമി, സിറ്റി റേഞ്ചിലെ സിവിൽ എക്‌സൈസ് ഓഫീസർ ദിനോബ് എസ്, അഭിലാഷ് ടി. എന്നിവർ ചേർന്നാണ് കസ്റ്റഡിയിൽ എടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.