gold-

പയ്യന്നൂർ: രാത്രി വീട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിനിടെ ജുവലറി പൂട്ടുവാൻ മറന്നുപോയ ഉടമയെ പൊലീസ് പാതിരാത്രിയിൽ വിളിച്ചുവരുത്തി പൂട്ടിച്ചു. പട്രോളിംഗ് നടത്തുകയായിരുന്ന പയ്യന്നൂർ പൊലീസാണ് ഉടമയെ വിവരം അറിയിച്ചത്. തായിനേരി സ്വദേശിയുടെ ഉടമസ്ഥതയിൽ സെന്റ മേരീസ് സ്‌കൂൾ ജംഗ്ഷന് സമീപമുള്ള സ്ഥാപനമാണ് രാത്രി പൂട്ടാതിരുന്നത്.

മഴ കാരണം വീട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിനിടെ പൂട്ടുവാൻ മറന്നു പോവുകയായിരുന്നുവത്രെ. വ്യാഴാഴ്ച പുലർച്ചെ 1.30 മണിയോടെയാണ് സംഭവം പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. സമീപ നാളുകളായി മോഷ്ടാക്കൾ വിലസുന്ന പയ്യന്നൂരിൽ ജുവലറിക്ക് താഴിടാതെ കണ്ടത് പൊലീസിനെ വിഷമവൃത്തത്തിലാക്കി. തുടർന്നാണ് ഉടമയെ ബന്ധപ്പെട്ടത്. സ്ഥാപനം പൂട്ടിയിട്ടില്ലെന്ന് മനസിലാക്കിയ സെക്യൂരിറ്റി ജീവനക്കാരന്റെ കൈയിൽ ഉടമയുടെ ഫോൺ നമ്പർ ഇല്ലാതിരുന്നതും വിനയായി. തുടർന്ന് ഇയാൾ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് ഉടമയുടെ നമ്പർ കണ്ടെത്തി വിളിച്ചുവരുത്തി ജുവലറി താഴിട്ട് പൂട്ടിച്ച ശേഷമാണ് തിരിച്ചു പോയത്.