
പലരെയും അലട്ടുന്ന പ്രശ്നമാണ് വരണ്ട ചർമ്മം. ശരീരത്തിന് ആവശ്യമുള്ള അളവിൽ വെള്ളം കുടിക്കാത്തതും മാറുന്ന കാലാവസ്ഥയുമാണ് ഇതിന് പ്രധാന കാരണമെങ്കിലും സ്വാഭാവികമായി വരണ്ട ചർമ്മമുള്ളവരും ഉണ്ട്. ഇങ്ങനെ വരണ്ട ചർമ്മം ഉള്ളവരിൽ ചുളിവുകളും വരകളും പെട്ടെന്ന് വീണ് അകാല വാർദ്ധക്യത്തിന് കാരണമാകുന്നു. വരണ്ട ചർമ്മം ഉള്ളവർ ഒരിക്കലും സോപ്പ് ഉപയോഗിക്കാൻ പാടില്ല. സോപ്പില്‍ ധാരാളം കെമിക്കലുകള്‍ അടങ്ങിയിട്ടുള്ളതിനാൽ ചർമ്മം കൂടുതൽ വരണ്ടുപോകുന്നതിന് ഇത് കാരണമാകുന്നു. ഇത്തരക്കാർക്ക് സോപ്പിന് പകരം വീട്ടിൽ തന്നെയുണ്ടാക്കാൻ കഴിയുന്ന മിശ്രിതം എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം.
ചിരട്ട
നല്ലതു പോലെ വൃത്തിയാക്കിയ ചിരട്ടയെടുത്ത് ഇതിനുള്ളിലാണ് ഈ മിശ്രിതം തയ്യാറാക്കേണ്ടത്. ചിരട്ടയ്ക്ക് ഔഷധ ഗുണം ഉള്ളതിനാലാണ് ഇങ്ങനെ ഉപയോഗിക്കുന്നത്. പിഗ്മെന്റേഷന് പോലുള്ള പല ചർമ്മ പ്രശ്നങ്ങള്‍ക്കും ചിരട്ട ഉപയോഗിച്ചുള്ള ഫേസ് പായ്ക്കുകൾ ഉപയോഗിക്കുന്നത് നല്ലതാണ്.
തേങ്ങാപ്പിണ്ണാക്ക്
വെളിച്ചെണ്ണ തയാറാക്കിയ ശേഷം ബാക്കി വരുന്ന ചണ്ടിയാണ് തേങ്ങാപ്പിണ്ണാക്ക്. ഇതില്‍ തേങ്ങായുടെ ഗുണമുള്ളത് കൊണ്ടു തന്നെ ചര്‍മത്തിന് വളരെ നല്ലതാണ്. സ്വാഭാവിക ഈര്‍പ്പം നിലനിർത്താനും, മിനുസം നല്‍കാനും, ചര്‍മ്മം മൃദുവാകാനും, അലര്‍ജിയും മൊരിയുമെല്ലാം മാറ്റുന്നതിനും ഇത് സഹായിക്കുന്നു.
ചെറുപയർ പൊടി
ചര്‍മത്തിന് മിനുസം നല്‍കാനും ശരീരത്തിലെ അഴുക്കും പൊടിയും എണ്ണമയവുമെല്ലാം കളയാനും ഇത് വളരെ നല്ലതാണ്.
ബദാം ഓയിൽ
ചർമ്മം മൃദുവാകാൻ ബദാം എണ്ണ വളരെ നല്ലതാണ്.
തയാറാക്കുന്ന വിധം
ചിരട്ടയിൽ തേങ്ങാപ്പിണ്ണാക്കും ചെറുപയര്‍ പൊടിയും രണ്ടോ മൂന്നോ തുള്ളി ബദാം ഓയിലും ചേര്‍ത്തിളക്കുക. ഇതില്‍ വെള്ളം കൂടി ചേര്‍ത്ത് കുഴമ്പ് രൂപത്തിലാക്കുക. കുളിയ്ക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പായി ഇത് തയാറാക്കി വയ്ക്കണം. കുളിയ്ക്കുമ്പോള്‍ സോപ്പിന് പകരം ഇത് പുരട്ടി കുളിയ്ക്കാം. ചര്‍മ്മത്തിലെ അഴുക്ക് കളയാന്‍ മാത്രമല്ല, ചര്‍മത്തിന് എണ്ണമയം നല്‍കാനും ഈര്‍പ്പം നില നിര്‍ത്താനുമെല്ലാം സൗന്ദര്യം വർദ്ധിപ്പിക്കാനും ഇതേറെ നല്ലതാണ്.