
ഭൂമിയും അയൽ ഗ്രഹമായ ചൊവ്വയും തമ്മിൽ വളരെയധികം സാമ്യമുണ്ട്. ഭൂമിയുടെ അതേ വലിപ്പമുള്ള ഗ്രഹമാണ് ചൊവ്വ, കൂടാതെ ഈ ഗ്രഹത്തിന് അന്തരീക്ഷവും ഉണ്ട്. ദശലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ചൊവ്വയുടെ ഉപരിതലത്തിൽ ദ്രാവക ജലമുണ്ടായിരുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്. ഇക്കാരണങ്ങളാൽ ശാസ്ത്രജ്ഞരുടെ പ്രിയപ്പെട്ട പഠന വിഷയമാണ് ചൊവ്വ. ഈ ഗ്രഹത്തിൽ മുൻപ് ജീവൻ പോലും ഉണ്ടായിരുന്നുവെന്ന് ശാസ്ത്ര സമൂഹത്തിലെ വലിയൊരു വിഭാഗം കരുതുന്നുണ്ട്.
ഭൂമിക്ക് സമാനമായി ചൊവ്വയ്ക്ക് അന്തരീക്ഷമുണ്ടെങ്കിലും ഇത് വളരെ നേർത്തതാണ്. ഭൂമിയുടെ അന്തരീക്ഷത്തേക്കാൾ 100 മടങ്ങ് കനം കുറഞ്ഞതാണ്. ഇതിന് പുറമേ കാർബൺ ഡൈ ഓക്സൈഡിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാൽ ചൊവ്വയിൽ മനുഷ്യജീവൻ നിലനിർത്തുന്നത് പ്രയാസമേറിയ കാര്യമാണ്. എന്നാൽ ഇതിന് അറുതി വരുത്തുന്നതിന് വേണ്ടിയുള്ള പഠനമാണ് നാസ നടത്തുന്നത്. ഇതിൽ അവർ വിജയിക്കുകയും ചെയ്തു എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ചൊവ്വയിലേക്ക് നാസ വിക്ഷേപിച്ച പെർസെവറൻസ് റോവറിൽ ഘടിപ്പിച്ചിരിക്കുന്ന മാർസ് ഓക്സിജൻ ഇൻസിറ്റു റിസോഴ്സ് യൂട്ടിലൈസേഷൻ എന്ന ചെറു യന്ത്രമാണ് ഗ്രഹത്തിൽ ഓക്സിജൻ നിർമ്മിക്കുന്നതിൽ വിജയിച്ചത്. ഒരു ബ്രീഫ്കേസിന്റെ വലിപ്പമാണ് ഈ ഉപകരണത്തിനുള്ളത്. കാർബൺ ഡൈ ഓക്സൈഡ് വലിച്ചെടുത്ത ശേഷം അതിനെ കാർബൺ മോണോക്സൈഡും ഓക്സിജനുമായി വിഭജിക്കുകയാണ് ഈ ഉപകരണത്തിന്റെ പ്രവർത്തി. 2021ൽ ചൊവ്വയുടെ ഉപരിതലത്തിൽ പെർസെവറൻസ് ഇറങ്ങിയപ്പോൾ മുതൽ ഏഴു തവണ ഇപ്രകാരം ഓക്സിജൻ നിർമ്മിച്ചു.
ഇതോടെ ഭാവിയിൽ ചൊവ്വാ പര്യവേക്ഷണത്തിന് ഏറെ സഹായിക്കുന്ന മുന്നേറ്റമാണ് നാസ നടത്തിയത്.