
വാഷിംഗ്‌ടൺ: കോഫി ഭീമൻ സ്റ്റാർബക്ക്‌സിന്റെ പുതിയ സി ഇ ഒയായി ഇന്ത്യൻ വംശജൻ ലക്ഷ്മൺ നരസിംഹൻ ചുമതലയേറ്റു. ഹൊവാർഡ് ഷുൾട്‌സിന് പകരക്കാരനായാണ് ഡുറെക്‌സ് കോണ്ടം, മുസിനെക്‌സ് കോൾഡ് സിറപ്പ് എന്നിവയുടെ നിർമാതാക്കളായ റെക്കിറ്റിന്റെ സി ഇ ഒയായിരുന്ന ലക്ഷ്മൺ എത്തുന്നത്. ഒക്ടോബർ ഒന്നിന് അദ്ദേഹം ചുമതല ഏൽക്കുമെന്ന് കമ്പനി അറിയിച്ചിരുന്നു.
മുൻ സി ഇ ഒ ഷുൾട്സ് 2023 വരെ ഇടക്കാല മേധാവിയായി തുടരുകയും ശേഷം ബോർഡ് ഡയറക്ടേഴ്സിൽ അംഗമായി പ്രവർത്തിക്കുകയും ചെയ്യും. സ്റ്റാർബക്ക്‌സിനെ പുതിയ ഒരു അദ്ധ്യായത്തിലേയ്ക്ക് എത്തിക്കാൻ ഏറ്റവും അനുയോജ്യനായ വ്യക്തിയാണ് ലക്ഷ്മൺ എന്ന് ഷുൾട്സ് പറഞ്ഞു. ലക്ഷ്മണിന്റെ പങ്കാളിത്ത പ്രവത്തന രീതികളെയും ട്രാക്ക് റെക്കോർഡിനെയും അദ്ദേഹം അഭിനന്ദിച്ചു.
പൂനെയിൽ ജനിച്ചുവളർന്ന ലക്ഷ്മൺ സാവിത്രിഭായി ഭൂലേ യൂണിവേഴ്സിറ്റിയിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം നേടി.പിന്നാലെ യു എസിൽ ബിരുദാനന്തര ബിരുദവും പെൻസിൽവാനിയയിൽ എം ബി എയും പൂർത്തിയാക്കി. 2019 മുതൽ റെക്കിറ്റിന്റെ സി ഇ ഒയായി പ്രവർത്തിക്കുകയായിരുന്നു ലക്ഷ്മൺ പെപ്‌സികോയിലും പ്രവർത്തിച്ചിട്ടുണ്ട്. മാത്രമല്ല മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ബിൽഡ് ബാക്ക് ബെറ്റർ കൗൺസിലിലും അദ്ദേഹം അംഗമായിരുന്നു.