
ഭോപ്പാൽ : സിനിമകളും, വെബ്സീരീസുകളും സീരിയൽ കില്ലർമാരുടെ കഥകളാൽ നിറയുന്ന കാലത്ത് ശരിക്കും ഒരു സീരിയൽ കില്ലറിനെ കാരണം മദ്ധ്യപ്രദേശിലെ പൊലീസിന് ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ കുറച്ച് മാസങ്ങളിലായി നാല് പേരാണ് സീരിയൽ കില്ലറിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സംസ്ഥാനത്തെ സാഗർ ജില്ലയിലാണ് ഈ കൊലപാതകങ്ങളെല്ലാം സംഭവിച്ചിരിക്കുന്നത്. രാത്രിയിൽ തെരുവിൽ ഉറങ്ങുന്നവരും, സെക്യൂരിറ്റി ജീവനക്കാരുമാണ് ആക്രമണത്തിന് ഇരയാകുന്നത്. നാലാമത്തെ ഇര കഴിഞ്ഞ ബുധനാഴ്ചയാണ് ഭോപ്പാലിലെ ഹമീഡിയ ആശുപത്രിയിൽ ചികിത്സയ്ക്കിടെ മരണത്തിന് കീഴടങ്ങിയത്. ചൊവ്വാഴ്ചയാണ് ഇയാൾ ആക്രമിക്കപ്പെട്ടത്. തലയോട്ടിക്ക് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു.
ആക്രമണത്തിൽ മരിക്കുന്നവരിൽ നിന്നും യാതൊരു വസ്തുവും നഷ്ടപ്പെടാത്തതിനാൽ കൊലയാളിയുടെ ഉദ്ദേശം മോഷണമല്ലെന്ന് പൊലീസ് പറയുന്നു. അമ്പതിനും അറുപതിനും ഇടയിലുള്ളവരാണ് മരണപ്പെട്ടവർ. ഞായറാഴ്ചയും തിങ്കളാഴ്ചയുമായി അടുത്തടുത്ത ദിവസങ്ങളിലാണ് രണ്ട് പേർ കൊല്ലപ്പെട്ടത്. ആദ്യ കൊലപാതകം മേയ് മാസത്തിലായിരുന്നു. ഉത്തം രജക് എന്നയാളാണ് മർദ്ദനമേറ്റ് കൊല്ലപ്പെട്ടത്. ഇയാളുടെ മുഖത്ത് ഒരു ചെരുപ്പും കൊലയാളി സൂക്ഷിച്ചിരുന്നു. ഇയാളിൽ നിന്നും ഫോൺ നഷ്ടമായതിനാൽ കൊലയാളി മോഷ്ടാവാണെന്ന നിഗമനത്തിലായിരുന്നു പൊലീസ്. ഒരു 'സാധാരണ കേസ്' ആയി കൈകാര്യം ചെയ്യുകയും ചെയ്തു.
എന്നാൽ രണ്ടാമത്തെ കൊലപാതകത്തോടെയാണ് തങ്ങൾ അന്വേഷിക്കുന്നത് ഒരു സീരിയൽ കില്ലറെയാണെന്ന ബോദ്ധ്യം പൊലീസിനുണ്ടായത്. സാഗർ ആർട്സ് ആൻഡ് കൊമേഴ്സ് കോളേജിലെ സെക്യൂരിറ്റി ജീവനക്കാരനായ ദുബെയെ കൊലപ്പെടുത്തിയ കൊലയാളി ആദ്യത്തെ ഇരയിൽ നിന്നും മോഷ്ടിച്ച ഫോൺ ദുബെയുടെ സമീപം സൂക്ഷിച്ചു. ഇതാണ് സീരിയൽ കില്ലറിലേക്ക് വെളിച്ചം വീശിയത്. പരിശോധനയിൽ ഫോണിൽ നിന്നും സിം കാർഡ് എടുത്തുമാറ്റിയതായി കണ്ടെത്തി.
കൊലയാളിയുടേതെന്ന് സംശയിക്കുന്ന രേഖാചിത്രം പൊലീസ് പുറത്ത് വിട്ടിട്ടുണ്ട്. പ്രതികളെ പിടികൂടുന്നതിലേക്ക് നയിക്കുന്ന എന്തെങ്കിലും വിവരം നൽകുന്നവർക്ക് 30,000 രൂപ പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തു. തെരുവിൽ ഉറങ്ങുന്നവരോട് ജാഗ്രത പാലിക്കാനും ആവശ്യപ്പെട്ട പൊലീസ് അഞ്ചാമത് ഒരു കൊലപാതകം തടയുവാനും കൊലയാളിയെ പിടികൂടുവാനും ഉറക്കമിളച്ച് കാത്തിരിക്കുകയാണ് ഇപ്പോൾ.