
ഇസ്ലാമാബാദ് : അപ്രതീക്ഷിത കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായുണ്ടായ പെരുമഴയിലും വെള്ളപ്പൊക്കത്തിലും മുങ്ങുന്ന പാകിസ്ഥാനിലേക്ക് സഹായം അയക്കാൻ മടിച്ച് ലോക രാജ്യങ്ങൾ. മരണസംഖ്യ 1,200 കടന്നതോടെ യു എൻ അടക്കമുള്ള അന്താരാഷ്ട്ര സംഘടനകൾ ഇനിയും ഉറക്കം നടിക്കരുതെന്ന് ലോക രാജ്യങ്ങളോട് അഭ്യർത്ഥിച്ചിരിക്കുകയാണ്. ചൈന, സൗദി അറേബ്യ, ഖത്തർ, തുർക്കി, ഉസ്‌ബെക്കിസ്ഥാൻ, യു എ ഇ എന്നിവിടങ്ങളിൽ നിന്നാണ് ഇതുവരെ പാകിസ്ഥാന് സഹായം ലഭിച്ചത്. ഗൾഫ് രാജ്യങ്ങളിൽ നിന്നുമാണ് പ്രധാനമായും പാകിസ്ഥാനിലേക്ക് സഹായം എത്തുന്നത്. യുണൈറ്റഡ് അറബ് എമിറേറ്റ്സിൽ നിന്നുള്ള ഒമ്പതാമത്തെ വിമാനവും ഉസ്‌ബെക്കിസ്ഥാനിൽ നിന്നുള്ള ആദ്യ വിമാനവും കഴിഞ്ഞ ദിവസം ഇസ്ലാമാബാദിൽ ഇറങ്ങിയിരുന്നു. പ്രളയബാധിതർക്ക് 30 മില്യൺ ഡോളറിന്റെ സഹായം നൽകുമെന്ന് അമേരിക്കയും അറിയിച്ചിട്ടുണ്ട്. മുപ്പത് ലക്ഷത്തോളം ആളുകളിലേക്ക് സൈനിക പിന്തുണയോടെ രക്ഷാപ്രവർത്തനം എത്തിയെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഗ്രാമീണ മേഖലകളിൽ കഴിയുന്നവരുടെ നില പരിതാപകരമാണ്.
പാകിസ്ഥാനിലെ ബലൂചിസ്ഥാൻ, സിന്ധ് തുടങ്ങിയ പ്രദേശങ്ങളിൽ ശരാശരി മഴയിൽ 400% വർധനയുണ്ടായെന്നും ഇത് അതിരൂക്ഷമായ വെള്ളപ്പൊക്കത്തിന് കാരണമായെന്നും പാകിസ്ഥാൻ ഉദ്യോഗസ്ഥരും വിദഗ്ദ്ധരും പറയുന്നു. പാകിസ്ഥാനിലെ ഏറ്റവും ചൂടേറിയ പ്രദേശമായിരുന്ന സിന്ധിലെ ചില ഭാഗങ്ങളും വെള്ളത്തിൽ മുങ്ങിയ അവസ്ഥയിലാണ്. ഇവിടെ ജലജന്യ രോഗങ്ങൾ പൊട്ടിപ്പുറപ്പെടുന്നതിന് സാദ്ധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
അസാധാരണമായ കാലവർഷവും വെള്ളപ്പൊക്കവും കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായിട്ടുണ്ടായതാണെന്നാണ് അധികൃതർ പറയുന്നത്. സാമ്പത്തിക തകർച്ചയുടെ സൂചനകൾ പ്രത്യക്ഷപ്പെട്ട പാകിസ്ഥാനിൽ വെള്ളപ്പൊക്കം കടുത്ത ആഘാതമാണ് സമ്മാനിച്ചത്. രാജ്യത്തെ കാർഷിക ഉദ്പാദന മേഖലയുടെ നട്ടെല്ലൊടിച്ച വെള്ളപ്പൊക്കത്തിന്റെ ഫലമായി ഇന്ത്യയിൽ നിന്നടക്കം കാർഷിക ഉത്പന്നങ്ങൾ ഇറക്കുമതി ചെയ്യാൻ പാകിസ്ഥാൻ ആലോചിക്കുന്നുണ്ട്.
രാജ്യം വെള്ളപ്പൊക്കം അഭിമുഖീകരിക്കുന്ന സമയം വിദേശയാത്രകൾ മാറ്റി വച്ച് രക്ഷാപ്രവർത്തനങ്ങളിൽ മുഴുകാനാണ് പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ തീരുമാനം. ഇതിനായി യു എ ഇയിലേക്കുള്ള യാത്ര അദ്ദേഹം മാറ്റിവച്ചു. ശനിയാഴ്ചയായിരുന്നു യു എ ഇ സന്ദർശനത്തിന് പാക് പ്രധാനമന്ത്രി പദ്ധതിയിട്ടിരുന്നത്. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങൾ സന്ദർശിക്കാനാണ് ഇപ്പോൾ പ്രധാനമന്ത്രി സമയം ചെലവഴിക്കുന്നത്.