uma-thomas

മകനെതിരെ സമൂഹമാദ്ധ്യമങ്ങളിൽ നടക്കുന്നത് വ്യാജ പ്രചാരണമെന്ന് തൃക്കാക്കര എംഎൽഎ ഉമ തോമസ്. മരിച്ചിട്ടും ചിലർക്ക് പി ടിയോടുള്ള പക തീർന്നിട്ടില്ലെന്നും പൊലീസ് പൊക്കി എന്ന് പറയുന്ന മകൻ മഴയിൽ വെള്ലം കയറിയ തങ്ങളുടെ വീട് വൃത്തിയാക്കുകയാണെന്നും ഉമ തോമസ് ഫേസ്‌ബുക്കിൽ കുറിച്ചു. പി ടിയുടെയും ഉമയുടെയും മകനായ വിവേക് തോമസിനെ കഞ്ചാവ് കേസില്‍ അറസ്റ്റ് ചെയ്തുവെന്നാണ് പ്രചാരണം നടക്കുന്നത്. സത്യവുമായി ഒരു ബന്ധവും ഇല്ലാത്ത പ്രചാരണം നടത്തിയവര്‍ക്കും അത് ഷെയര്‍ ചെയ്തവര്‍ക്കുമെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകുമെന്നും ഉമ തോമസ് കൂട്ടിച്ചേര്‍ത്തു. മകന്‍ വീട് വൃത്തിയാക്കുന്ന ചിത്രം സഹിതമാണ് ഉമ തോമസ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ചില ഷാജിമാരുടെ എഫ് ബി പോസ്റ്റ്‌ കണ്ടു..

പോലീസ് പൊക്കി എന്ന് പറയുന്ന എന്റെ മകൻ എന്നോടൊപ്പം കഴിഞ്ഞ ദിവസം പെയ്ത മഴയിൽ വെള്ളം കയറിയ ഞങ്ങളുടെ വീട് വൃത്തിയാക്കുന്ന ജോലിയിലാണ്.

മൂത്ത മകൻ തൊടുപുഴ അൽ-അസർ കോളേജിൽ പഠിപ്പിച്ചു കൊണ്ടിരിക്കുകയാണ്

മരിച്ചിട്ടും ചിലർക്ക് പി. ടി യോടുള്ള പക തീർന്നിട്ടില്ലായെന്ന് എനിക്കറിയാം.

പാതിവഴിയിൽ എന്റെ പോരാട്ടം അവസാനിപ്പിക്കുവാൻ ആര് വിചാരിച്ചാലും സാധിക്കില്ല.

പി.ടി തുടങ്ങിവച്ചതൊക്കെ ഞാൻ പൂർത്തിയാക്കുക തന്നെ ചെയ്യും.

സത്യവുമായി ഒരു ബന്ധവും ഇല്ലാത്ത ഈ എഫ് ബി പോസ്റ്റ്‌ ഇട്ടവർക്കും ഷെയർ ചെയ്തവർക്കുമെതിരെ മുഖ്യമന്ത്രിക്കും,ഡി ജി പി ക്കും, പരാതി നൽകും.