
പാലക്കാട്: വാളയാർ പോക്സോ കേസിൽ രണ്ട് പ്രതികൾക്ക് കൂടി ജാമ്യം. ഒന്നാം പ്രതിയായ പാലക്കാട് പാമ്പാംപള്ളം കല്ലംകോട് സ്വദേശി വി മധു, മൂന്നാം പ്രതി ഇടുക്കി രാജക്കാട് മാലുതൈക്കൽ ഷിബു എന്നിവർക്കാണ് പാലക്കാട് പോക്സോ കോടതി ജാമ്യം അനുവദിച്ചത്.
പാലക്കാട് ജില്ലയിൽ ആറ് മാസത്തേക്ക് പ്രതികൾ പ്രവേശിക്കരുത്. ഒന്നിടവിട്ട ശനിയാഴ്ചകളിൽ തിരുവനന്തപുരം സിബിഐ ഓഫീസിൽ ഹാജരാകണം. കേരളം വിട്ട് പോകരുത്, ഓരോ ലക്ഷം രൂപ ജാമ്യത്തുക കെട്ടിവെക്കണം. പ്രതികൾ താമസിക്കുന്ന സ്ഥലത്തെ പൊലീസ് സ്റ്റേഷനിൽ മാസത്തിലൊരിക്കൽ ഹാജരായി ഒപ്പിടണം എന്നീ വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചിട്ടുല്ളത്. വാളയാർ കുട്ടികളുടേത് ആത്മഹത്യയാണെന്ന് സിബിഐ കുറ്റപത്രത്തിൽ പറഞ്ഞിരുന്നു. ഇത് പരിഗണിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്.
കേസിലെ രണ്ടാം പ്രതി എം മധുവിന് ഹൈക്കോടതി നേരത്തേ ജാമ്യം അനുവദിച്ചിരുന്നു. ദിലീപ് കുമാർ എന്ന പ്രതി ആത്മഹത്യ ചെയ്തു. മറ്റൊരു പ്രതി ജുവനൈൽ കോടതിയിൽ വിചാരണ നേരിടുകയാണ്. എല്ലാ പ്രതികളും ഇപ്പോൾ ജയിൽമോചിതരായിട്ടുണ്ട്. കേസ് സിബിഐ പുനരന്വേഷിക്കണമെന്ന് കഴിഞ്ഞ മാസം പാലക്കാട് പോക്സോ കോടതി ഉത്തരവിട്ടിരുന്നു.
2017 ജനുവരി 13നാണ് പതിമൂന്ന് വയസുള്ള പെൺകുട്ടിയെ വാളയാർ അട്ടപ്പള്ളത്തെ ഷെഡിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മാർച്ച് നാലിന് ഒമ്പത് വയസുള്ള ഇളയ സഹോദരിയെയും സമാന സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.