
ന്യൂഡൽഹി : 2002ലെ ഗുജറാത്ത് കലാപക്കേസിൽ ആക്ടിവിസ്റ്റ് ടീസ്റ്റ സെതൽവാദിന് ഇടക്കാല ജാമ്യം ലഭിച്ചു. സുപ്രീം കോടതിയാണ് ടീസ്റ്റയ്ക്ക് ജാമ്യം നൽകിയത്. കലാപത്തെ കുറിച്ച് അന്വേഷിക്കാൻ രൂപീകരിച്ച നാനാവതി കമ്മീഷനു മുമ്പാകെ സാക്ഷികളുടെ വ്യാജ മൊഴികൾ തയ്യാറാക്കി സമർപ്പിച്ചെന്ന കേസിലാണ് ടീസ്റ്റ സെതൽവാദ് പ്രതിയായത്. ജാമ്യം അനുവദിച്ച സുപ്രീം കോടതി ടീസ്റ്റ സെതൽവാദിനോട് അന്വേഷണവുമായി പൂർണമായി സഹകരിക്കാൻ ആവശ്യപ്പെട്ടു.
ഹൈക്കോടതിയുടെ മുന്നിലുള്ള ജാമ്യാപേക്ഷ പരിഗണിക്കുന്നത് വരെ പാസ്‌പോർട്ട് സമർപ്പിക്കുവാനും ടീസ്റ്റയോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ജാമ്യം നിഷേധിച്ച സെഷൻസ് കോടതിയുടെയും ഹൈക്കോടതിയുടെയും ഉത്തരവിനെതിരെയാണ് ടീസ്റ്റ സെതൽവാദ് സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത്. ടീസ്റ്റ സെതൽവാദിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ് ഹാജരായത്. രണ്ട് മാസത്തിലേറെയായി ടീസ്റ്റ സെതൽവാദ് കസ്റ്റഡിയിലാണെന്നും ഇടക്കാല ജാമ്യത്തിന് അർഹതയുണ്ടെന്നും കപിൽ സിബൽ വാദിച്ചു.