
ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ഹർജികൾ ഇനി മുതൽ ജസ്റ്റിസ് ദിനേശ് മഹേശ്വരി അദ്ധ്യക്ഷനായ ബെഞ്ച് പരിഗണിക്കും. ചീഫ് ജസ്റ്റിസ് യു.യു. ലളിതാണ് ഹർജികൾ ഈ ബെഞ്ചിന് മുമ്പാകെ ലിസ്റ്റ് ചെയ്യാൻ നിർദേശിച്ചത്. നേരത്തെ ഹർജികൾ പരിഗണിച്ചിരുന്ന ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ വിരമിച്ച പശ്ചാത്തലത്തിലാണ് പുതിയ നിർദ്ദേശം നൽകിയത്. നടിയെ ആക്രമിച്ച കേസിലെ വിചാരണ ആറു മാസത്തിനകം പൂർത്തിയാക്കണമെന്ന് ഉത്തരവിട്ട സുപ്രീംകോടതി ബെഞ്ചിൽ ജസ്റ്റിസ് എ.എം.ഖാൻവിൽകർക്കൊപ്പം ജസ്റ്റിസ് ദിനേശ് മഹേശ്വരിയും ഉണ്ടായിരുന്നു.
അതേസമയം, നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാക്കി വിധിപറയാൻ കൂടുതൽ സമയം വേണമെന്നാവശ്യപ്പെട്ട് വിചാരണ കോടതി ജഡ്ജി സുപ്രീംകോടതിയെ സമീപിച്ചു. ആറു മാസത്തെ സമയമാണ് വിചാരണ കോടതി ജഡ്ജി ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് സൂചന. തിങ്കളാഴ്ച സുപ്രീംകോടതി ഈ ആവശ്യം പരിഗണിക്കും. വിചാരണ സമയബന്ധിതമായി പൂർത്തിയാക്കാൻ വിചാരണ കോടതിക്ക് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് നടൻ ദിലീപ് നൽകിയ അപേക്ഷയും സുപ്രീം കോടതി തിങ്കളാഴ്ച്ച പരിഗണിക്കും.