നവാഗതനായ സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്
രതീഷ് ബാലകൃഷ്ണൻ പൊതുവാളിന്റെ രചന

നവാഗതനായ സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂട് നായകൻ. ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിനുശേഷം രതീഷ് ബാലകൃഷ്ണൻ പൊതുവാൾ രചന നിർവഹിക്കുന്ന ചിത്രത്തിൽ ബാബു ആന്റണി , അർജുൻ അശോകൻ എന്നിവരാണ് മറ്റു താരങ്ങൾ. ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, കനകം കാമിനി കലഹം, ന്നാ താൻ കേസ് കൊട് എന്നീ ചിത്രങ്ങളുടെ സംവിധായകനായ രതീഷ് ബാലകൃഷ്ണൻ പൊതുവാൾ ആദ്യമായാണ് മറ്റൊരു സംവിധായകനുവേണ്ടി രചന നിർവഹിക്കുന്നത്. 
ന്നാ ഞാൻ കേസ് കൊട് എന്ന ചിത്രത്തിൽ ചീഫ് അസോസിയേറ്റായിരുന്നു സുധീഷ് ഗോപിനാഥ്. വിനായക ഫിലിംസിന്റെ ബാനറിൽ അജിത് വിനായക ആണ് നിർമ്മാണം. ഷഹനാദ് ജലാൽ ഛായാഗ്രഹണം നിർവഹിക്കുന്നു.
രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്ത  ആൻഡ്രോയ്ഡ് കുഞ്ഞപ്പനിൽ സുരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ച അച്ഛൻ കഥാപാത്രം മികച്ച പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. ബോക്സോഫീസിൽ ചിത്രം മികച്ച കളക്ഷൻ നേടുകയും ചെയ്തു. വീണ്ടും ഇരുവരും ഒരുമിക്കുന്നു. അതേസമയം സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തിലേക്ക് വോട്ടവകാശമുള്ള ആർക്കും അപേക്ഷിക്കാം എന്ന തലക്കെട്ടിൽ കാസ്റ്റിംഗ് കാളിന്റെ പോസ്റ്റർ പുറത്തിറങ്ങി.
മുമ്പ് അഭിനയിച്ചിട്ടില്ലാത്തവർക്ക് മുൻഗണന എന്നുമുണ്ട്. രാഷ്ട്രീയ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം എന്നാണ് പോസ്റ്റർ നൽകുന്ന സൂചന.