
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് എം വി ഗോവിന്ദൻ മന്ത്രിസ്ഥാനം രാജിവച്ചു. പകരം സ്പീക്കർ എം ബി രാജേഷ് മന്ത്രിസഭയിലേയ്ക്കെത്തും. എം ബി രാജേഷിന് പകരം തലശേരി എംഎൽഎ എ എൻ ഷംസീർ സ്പീക്കറാകും. എന്നാൽ സജി ചെറിയാൻ രാജിവച്ച സ്ഥാനത്ത് തൽക്കാലം മന്ത്രി ഉണ്ടാകില്ല. എകെജി സെന്ററിൽ ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗമാണ് തീരുമാനമെടുത്തത്.
തദ്ദേശം, എക്സൈസ് എന്നീ പ്രധാനപ്പെട്ട വകുപ്പുകളാണ് എം വി ഗോവിന്ദൻ കൈകാര്യം ചെയ്തിരുന്നത് അതിനാൽ എം ബി രാജേഷ് പകരക്കാരനാകുന്നതാണ് ഉചിതമെന്ന് യോഗത്തിൽ ഭൂരിപക്ഷ അഭിപ്രായമുണ്ടായി. കണ്ണൂരിന് ഒരു മന്ത്രിയെ നഷ്ടപ്പെടുന്നതിനാൽ സ്പീക്കർ പദവിയിലേയ്ക്ക് കണ്ണൂരിൽ നിന്നുള്ള ജനപ്രതിനിധി എത്തുകയായിരുന്നു.
പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ രാവിലെ കൊച്ചിയിലായതിനാലാണ് സെക്രട്ടേറിയറ്റ് യോഗം ഉച്ചയ്ക്കുശേഷമാക്കിയത്. ഷംസീർ മന്ത്രിയാകും എന്ന വിവരങ്ങളാണ് പുറത്തുവന്നിരുന്നത്. ഷംസീറിനു പുറമേ പി നന്ദകുമാർ, സി എച്ച് കുഞ്ഞമ്പു തുടങ്ങിയ പേരുകളും മന്ത്രിസ്ഥാനത്തേക്ക് പ്രചരിക്കുന്നുണ്ടായിരുന്നു. ഭരണഘടനാ അധിക്ഷേപ പ്രസംഗത്തിന്റെ പേരിൽ രാജി വയ്ക്കേണ്ടി വന്ന സജി ചെറിയാൻ അദ്ദേഹത്തിനെതിരായ കേസ് തീർപ്പാകുന്ന മുറയ്ക്ക് മന്ത്രിസഭയിൽ തിരിച്ചെത്തിയേക്കുമെന്നാണ് വിവരം.