
കൊച്ചി: ഓടിക്കൊണ്ടിരുന്ന സ്കൂൾ ബസിൽ നിന്ന് തിരക്കേറിയ റോഡിലേക്ക് എൽ കെ ജി വിദ്യാർത്ഥിനി തെറിച്ചുവീണ സംഭവത്തിൽ ഡ്രൈവർ അറസ്റ്റിൽ. എടത്തല സ്വദേശി ഷെമീറാണ് അറസ്റ്റിലായത്. അപകടത്തിനിടയാക്കിയ ബസും പൊലീസ് പിടിച്ചെടുത്തു.
ഇന്ന് രാവിലെ ആലുവയിൽ വച്ചാണ് അപകടമുണ്ടായത്. ആലുവ സ്വദേശി യൂസഫിന്റെ മകൾ ഫൈസയാണ് അപകടത്തിൽപ്പെട്ടത്. ബസിന്റെ എമർജൻസി വാതിൽ വഴിയാണ് വിദ്യാർത്ഥിനി പുറത്തേക്ക് വീണത്. പിന്നാലെ വന്ന ബസ് പെട്ടെന്ന് ബ്രേക്കിട്ടതിനാൽ വൻ അപകടം ഒഴിവായി. ആലുവ വഴുങ്ങാട്ടുശ്ശേരി അൽഹിന്ദ് സ്കൂളിന്റെ ബസിലാണ് അപകടം ഉണ്ടായത്.
ബസ് ഓടിക്കൊണ്ടിരിക്കെ കുട്ടി പുറത്തേക്ക് വീണിട്ടും ആരും അറിഞ്ഞില്ലെന്നാണ് നാട്ടുകാർ പറയുന്നത്. സംഭവം കണ്ട് ഓടിയെത്തിയ നാട്ടുകാരാണ് കുട്ടിയെ റോഡിൽ നിന്ന് എടുത്തത്. ഇവർ ഇടപെട്ടതിനെ തുടർന്നാണ് ബസ് നിറുത്തിയതും. സാരമായ പരിക്കില്ലെന്ന് കണ്ട് കുഞ്ഞിനെ ബസിൽ തന്നെ കയറ്റി വിടുകയായിരുന്നു. അതേസമയം മകൾക്ക് സമയത്ത് പ്രഥമ ശുശ്രൂഷ നൽകാനോ ആശുപത്രിയിൽ എത്തിക്കാനോ വേണ്ട നടപടികൾ സ്കൂൾ അധികൃതർ സ്വീകരിച്ചില്ലെന്ന പരാതിയുമായി കുട്ടിയുടെ ബന്ധുക്കൾ രംഗത്തെത്തിയിട്ടുണ്ട്. കുട്ടിക്ക് അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചുവെന്നും അപ്പോഴാണ് കുട്ടിയുടെ ശരീരത്തിൽ ചതവും വേദനയും ഉണ്ടെന്നും അപകടം സംഭവിച്ചുവെന്ന് അറിഞ്ഞതെന്നുമാണ് വീട്ടുകാർ പറയുന്നത്.വിഷയത്തിൽ കുടുംബം പൊലീസിനെ സമീപിച്ചിട്ടുണ്ട്. സംഭവത്തിന്റെ സി സി ടി വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.