അജയന്റെ രണ്ടാം മോഷണം ഒക്ടോബർ 10ന് ആരംഭിക്കും
107 ദിവസത്തെ ചിത്രീകരണം

ജിതിൻ ലാൽ സംവിധാനം ചെയ്യുന്ന അജയന്റെ രണ്ടാം മോഷണം എന്ന ചിത്രത്തിന്റെ ചിത്രീകരണം ഒക്ടോബർ 10ന് ചെറുവത്തൂരിൽ ആരംഭിക്കും. ഒരു ഷെഡ്യൂളിൽ നൂറ്റി ഏഴു ദിവസത്തെ ചിത്രീകരമാണ് പ്ളാൻ ചെയ്യുന്നത്. കാസർകോടൻ ഗ്രാമമായ ചെറുവത്തൂരിലും പരിസര പ്രദേശങ്ങളിലുമായിരുന്നു അൻപത് കോടി ക്ളബിൽ ഇടം നേടിയ കുഞ്ചാക്കോ ബോബൻ ചിത്രം ന്നാ താൻ കേസ് കൊട് ചിത്രീകരിച്ചത്. ഡോ. ബിജു സംവിധാനം ചെയ്യുന്ന ടൊവിനോ- നിമിഷ സജയൻ ചിത്രം അദൃശ്യ ജാലകങ്ങൾ കാഞ്ഞങ്ങാടും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരണം പുരോഗമിക്കുന്നു. ഈ ചിത്രം പൂർത്തിയായ ശേഷം ടൊവിനോ അഭിനയിക്കുന്ന ചിത്രമാണ് അജയന്റെ രണ്ടാം മോഷണം. കൂടുതൽ സിനിമകൾ ചെറുവത്തൂരിലേക്ക് എത്തുകയാണ്. ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രങ്ങളാണ് ഇതിൽ ഏറെയും. കാസർകോടെ മികച്ച കലാകാരൻമാർക്ക് ഈ സിനിമകളുടെ ഭാഗമാകാൻ കഴിയുന്നുണ്ട്. തെന്നിന്ത്യൻ താരം കൃതി ഷെട്ടി ആണ് അജയന്റെ രണ്ടാം മോഷണത്തിലെ നായിക. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ  മണിയൻ, അജയൻ, കുഞ്ഞികേളു എന്നീ മൂന്നു കഥാപാത്രങ്ങളെ ടൊവിനോ തോമസ് അവതരിപ്പിക്കുന്നു. 1900, 1950, 1990 എന്നീ കാലഘട്ടങ്ങളിലാണ് കഥ നടക്കുന്നത്. ടൊവിനോ തോമസ് ആദ്യമായി ട്രിപ്പിൾ റോളിൽ എത്തുന്ന ചിത്രം കൂടിയാണ്. കളരിക്ക് ഏറെ പ്രാധാന്യമുള്ള ചിത്രമാണ് അജയന്റെ രണ്ടാം മോഷണം. സുജിത് നമ്പ്യാർ രചന നിർവഹിക്കുന്നു.  തമിഴിൽ കന തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങൾക്ക് സംഗീതം ഒരുക്കിയ ദിബു നൈനാൻ തോമസാണ് സംഗീത സംവിധാനം. പ്രോജക്ട് ഡിസൈൻ : ബാദുഷ. യു.ജി. എം എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഡോ. സഖറിയ തോമസും ശ്രീനാഥും ചേർന്നാണ് നിർമ്മാണം. പി.ആർ.ഒ പി.ശിവപ്രസാദ്.