 
കൊച്ചി: നാളികേര കൃഷിയിലും അനുബന്ധമേഖലകളിലും ഇന്ത്യ കൈവരിച്ച നേട്ടം ശ്രദ്ധേയമാണെന്ന് കേന്ദ്ര കൃഷി-കർഷകക്ഷേമ മന്ത്രി നരേന്ദ്രസിംഗ് തോമർ പറഞ്ഞു. ആഗോള കൃഷിയിട വിസ്‌തൃതിയിൽ ഇന്ത്യ മൂന്നാംസ്ഥാനത്താണെങ്കിലും നാളികേര ഉത്പാദനത്തിലും ഉത്പാദനക്ഷമതയിലും ഒന്നാംസ്ഥാനമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. നാളികേര വികസന ബോർഡിന്റെ ആറാമത് സംസ്ഥാനതല ബോർഡിന്റെയും 24-ാമത് ലോക നാളികേര ദിനത്തിന്റെയും ഉദ്ഘാടനം ഗുജറാത്തിലെ ജുനഗഢിലുള്ള ബഹുമാലി ഭവനിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. നാളികേര മേഖലയിലെ മികവിന് ബോർഡ് നൽകുന്ന അവാർഡിന് അർഹരായവരെ അദ്ദേഹം പ്രഖ്യാപിച്ചു.
അന്താരാഷ്‌ട്ര നാളികേര ദിനത്തോട് അനുബന്ധിച്ച് ബോർഡിന്റെ ആഭിമുഖ്യത്തിൽ എറണാകുളത്ത് ഹോട്ടൽ ലെ മെറിഡിയനിലും പരിപാടികൾ നടന്നു. ബോർഡ് ചെയർമാൻ ഡോ. വിജയലക്ഷ്‌മി സ്വാഗതം പറഞ്ഞു. കർണാടക ഹോർട്ടികൾച്ചർ പ്രിൻസിപ്പൽ സെക്രട്ടറി രാജേന്ദ്രകുമാർ കഠാരിയ, കെ.ബാബു എം.എൽ.എ തുടങ്ങിയവർ സംസാരിച്ചു. 33 അവാർഡുകൾ ചടങ്ങിൽ വിതരണം ചെയ്‌തു. ഫലകവും സർട്ടിഫിക്കറ്റും കാഷ് അവാർഡും അടങ്ങുന്നതാണ് പുരസ്കാരം.