starbucks

വാഷിംഗ്‌ടൺ: ലോകത്തെ ഏറ്റവും വലിയ കോഫീഷോപ്പ് ശൃംഖലയായ സ്‌റ്റാർബക്‌സിന്റെ സി.ഇ.ഒയായി ഇന്ത്യൻ വംശജനായ ലക്ഷ്‌മൺ നരസിംഹൻ (55) നാമനിർദേശം ചെയ്യപ്പെട്ടു. ഔഷധ നിർമ്മാണക്കമ്പനിയായ റെക്കിറ്റിന്റെ സി.ഇ.ഒയായി പ്രവർത്തിക്കവേയാണ് അദ്ദേഹം സ്‌റ്റാർബാക്‌സിലേക്ക് എത്തുന്നത്. റെക്കിറ്റിൽ നിന്ന് സ്ഥാനമൊഴിയുന്നതായി അദ്ദേഹം ഇന്നലെ പ്രഖ്യാപിച്ചു.

ഒക്‌ടോബറിൽ അദ്ദേഹം സ്‌റ്റാർബക്‌സിലെത്തുമെങ്കിലും 2023 ഏപ്രിലിലേ സി.ഇ.ഒ സ്ഥാനമേൽക്കൂ. വർഷം 13 ലക്ഷം ഡോളറായിരിക്കും (10.36 കോടി രൂപ) അദ്ദേഹത്തിന്റെ അടിസ്ഥാന ശമ്പളം. പുറമേ 15 ലക്ഷം ഡോളർ (12 ലക്ഷം രൂപ) കാഷ് ബോണസായും 92.5 ലക്ഷം ഡോളർ (73 ലക്ഷം രൂപ) ഇക്വിറ്റിയായും ലഭിക്കും. ഇക്വിറ്റി ബോണസായി 2023 മുതൽ 1.36 കോടി ഡോളറും (108 കോടി രൂപ) ലഭിക്കും.

പൂനെ സർവകലാശാലയിൽ നിന്ന് മെക്കാനിക്കൽ എൻജിനിയറിംഗും യൂണിവേഴ്‌സിറ്റി ഒഫ് പെൻസിൽവാനിയയിൽ നിന്ന് ജർമ്മൻ ആൻഡ് ഇന്റർനാഷണൽ സ്‌റ്റഡീസിൽ ബിരുദാനന്തര ബിരുദവും ഫിനാൻസിൽ എം.ബി.എയും ലക്ഷ്‌മൺ നേടിയിട്ടുണ്ട്.

ലോകത്തെ മുൻനിര കമ്പനികളുടെ തലപ്പത്ത് വാഴുന്ന ഇന്ത്യൻ വംശജരായ സത്യ നദേല (മൈക്രോസോഫ്‌റ്റ്), സുന്ദർ പിച്ചൈ (ഗൂഗിൾ), ശന്തനു നാരായൺ (അഡോബീ), പുനീത് രഞ്ജൻ (ഡിലോയിറ്റ്), രാജ് സുബ്രഹ്മണ്യൻ (ഫെഡെക്‌സ്) തുടങ്ങിയവരുടെ നിരയിലേക്കാണ് ലക്ഷ്‌മണും എത്തുന്നത്.