
ഭോപ്പാൽ : നാല് സെക്യൂരിറ്റി ഗാർഡുകളെ കൊലപ്പെടുത്തിയതിന് മദ്ധ്യപ്രദേശ് പൊലീസിന്റെ പിടിയിലായ 19കാരനായ ശിവ് പ്രസാദ്, തന്റെ ഇരകളിലൊരാളെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. കൊല ചെയ്യപ്പെട്ടവരിൽ ഒരാളിൽ നിന്നും പ്രതി കൈക്കലാക്കിയ, മൊബൈൽഫോൺ വിവരങ്ങൾ പിന്തുടർന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്.
ഷോർട്ട്സും, ഷർട്ടും ധരിച്ച കൊലയാളി തന്റെ ഇരയെ കല്ല് കൊണ്ട് തലയ്ക്കടിക്കുന്നതും സംഭവസ്ഥലത്ത് നിന്ന് ഓടിമറയുന്നതും സി.സി.ടി.വി ദൃശ്യങ്ങളിൽ വ്യക്തമാണ്.
വിജയ ചിത്രമായ കെ.ജി. എഫി ലെ നായക കഥാപാത്രത്തിന്റെ രീതികൾ പകർത്തിയാണ് തന്റെ ഇരകളെ ശിവ പ്രസാദ് വകവരുത്തിയത്. നാല് സെക്യൂരിറ്റി ഗാർഡുകളെ കൊലപ്പെടുത്തിയ ഇയാൾ അടുത്തതായി പൊലീസുകാരെയാണ് ലക്ഷ്യം വെച്ചിരുന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥനായ തരുൺ നായക് പറഞ്ഞു.
കഴിഞ്ഞ മൂന്നു രാത്രികളിലായി സാഗറിൽ മൂന്നു പേരെയും, ഇന്നലെ ഒരാളെയുമാണ് ശിവ് പ്രസാദ് കൊലപ്പെടുത്തിയത്. കുറ്റകൃത്യങ്ങളിലൂടെ പ്രസിദ്ധനാവുക, എന്നത് മാത്രം ലക്ഷ്യമായതിനാലാണ് ഉറങ്ങി കിടന്നിരുന്ന സെക്യൂരിറ്റി ഗാർഡുകളെ ഇരകളായി തിരഞ്ഞെടുത്തിരുന്നത്. രാത്രിയിൽ മാത്രം കല്ലുകൾ ഉപയോഗിച്ച് കൊല നടത്തുന്ന രീതി പിന്തുർന്നിരുന്ന കൊലയാളി പ്രദേശത്തെ ജനങ്ങളെയാകെ ഭീതിയിലാഴ്ത്തിയിരുന്നു.
മേയ് മാസത്തിൽ ഒരു മേൽപ്പാലത്തിന്റെ നിർമാണസ്ഥലത്തെ സെക്യൂരിറ്റി ജീവനക്കാരനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. ഇരയുടെ കല്ല് കൊണ്ട് തകർത്ത മുഖത്തിന് സമീപം സൂക്ഷിച്ച ഒരു ഷൂസും പൊലീസിന് ലഭിച്ചിരുന്നു. സംഭവത്തിൽ പൊലീസിന് വ്യക്തമായ കൂടുതൽ തെളിവുകൾ ഒന്നും തന്നെ ലഭിച്ചിരുന്നില്ല.
തുടർന്നും സെക്യൂരിറ്റി ഗാർഡുകൾ കൊല്ലപ്പെട്ടതും, ഇരകളൊന്നും കൊള്ളയടിക്കപ്പെടാതിരുന്നതും കാരണം പൊലീസ് പ്രതിയൊരു സീരിയൽ കില്ലറാണെന്ന നിഗമനത്തിലെത്തിച്ചേർന്നു. ഇരയുടെ പക്കൽ നിന്നും കൈക്കലാക്കിയ ഫോണിന്റെ ലൊക്കേഷൻ പിന്തുടർന്നാണ് ഭോപ്പാലിൽ വെച്ച് പ്രതി പൊലീസ് പിടിയിലായത്. വ്യാഴാച രാത്രി ശിവ് പ്രസാദ് മാർബിൾ കഷ്ണമുപയോഗിച്ച് സോനു വർമ എന്ന, സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്തിയിരുന്നു.
ഭോപ്പാലിൽ നിന്നും 169 കി.മീ അകലെയുള്ള സാഗറിൽ നിന്നാണ് പ്രതി കൊലപാതക പരമ്പര ആരംഭിച്ചതെന്ന് പൊലീസ് പറയുന്നു. ആഗസ്റ്റ് 28ന് കല്ല്യാൺ ലോധി എന്ന ഫാക്ട്രി സെക്യൂരിറ്റി തൊഴിലാളി തലയ്ക്ക് ചുറ്റിക കൊണ്ടുള്ള പ്രഹരമേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. അടുത്ത ദിവസം തന്നെ ഒരു ആർട്സ് ആൻഡ് കൊമേഴ്സ് കോളേജിലെ സെക്യൂരിറ്റി ജീവനക്കാരനായ ശംഭു നാരായണ ദൂബേ എന്നയാളും കല്ല് കൊണ്ട് തലയ്ക്കടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. അടുത്ത ദിവസം ഒരു വീട്ടിലെ കാവൽക്കാരനായ മംഗൾ അഹിർവാറും സമാന രീതിയിൽ കൊല ചെയ്യപ്പെട്ടു.
തുർച്ചയായ കൊലപാതകങ്ങൾ ഭോപ്പാൽ നഗരത്തെ ഭീതിയിലാഴ്ത്തുകയും, പൊലീസ് പെട്രോളിംഗ് ശക്തമാക്കുകയും ചെയ്തിരുന്നു. പ്രതിയെന്ന് കരുതുന്നൊരാൾ ഓടി മറയുന്ന സി.സി.ടി.വി ദൃശ്യങ്ങളും നേരത്തെ പൊലീസിന് ലഭിച്ചിരുന്നു.