
അബുദാബി : ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി കൾച്ചറൽ കൗൺസിൽ ഫോറം സ്ഥാപിക്കാനുള്ള ധാരണാപത്രത്തിൽ ഒപ്പ് വച്ച് ഇന്ത്യയും യു.എ.ഇയും. വ്യാഴാഴ്ച അബുദാബിയിൽ നടന്ന 14ാമത് ഇന്ത്യ - യു.എ.ഇ ജോയിന്റ് കമ്മിഷൻ മീറ്റിംഗിൽ യു.എ.ഇ വിദേശകാര്യ മന്ത്രാലയവും ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസും തമ്മിലാണ് ധാരണാപത്രം ഒപ്പുവച്ചത്.
ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, യു.എ.ഇ വിദേശകാര്യ മന്ത്രി ഷെയ്‌ഖ് അബ്‌ദുള്ള ബിൻ സായിദ് എന്നിവർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യയും ഇന്റർനാഷണൽ ഫണ്ട് ഫോർ ഹുബാറ കൺസർവേഷനും തമ്മിലെ മറ്റൊരു ധാരണാപത്രവും ഒപ്പിട്ടിരുന്നു. ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡ് പക്ഷി, ലെസ്സർ ഫ്ലോറികൻ പക്ഷി എന്നിവയുടെ സംരക്ഷണത്തിനുള്ള സഹകരണം ലക്ഷ്യമിട്ടാണ് ഈ ധാരണാപത്രം.
ഹെൽത്ത് ടെക്, ലോജിസ്റ്റിക്സ് തുടങ്ങിയ വിവിധ മേഖലകളിലെ സ്റ്റാർട്ടപ്പുകളെയും സംരംഭങ്ങളെയും പ്രോത്സാഹിപ്പിക്കാനുള്ള നടപടികളും യോഗത്തിൽ ജയശങ്കറും ഷെയ്‌ഖ് അബ്‌ദുള്ളയും ചർച്ച ചെയ്തു. ഇരു രാജ്യങ്ങളിലെയും ഇൻസ്റ്റന്റ് പേയ്‌മെന്റ് പ്ലാറ്റ്ഫോമുകളെ യു.പി.ഐ വഴി ബന്ധിപ്പിക്കുന്നതിന്റെ സാദ്ധ്യതകളും ഇരുവരും ചർച്ച ചെയ്തു.