
തിരുവനന്തപുരം : കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് കൂപ്പൺ അനുവദിച്ച് സർക്കാർ ഉത്തരവിറങ്ങി. രണ്ടു മാസത്തെ ശമ്പളത്തിന്റെ മൂന്നിൽ രണ്ടു ഭാഗത്തിന് ആനുപാതികമായാണ് കൂപ്പൺ വിതരണം ചെയ്യുന്നത്. സപ്ലൈകോ, കൺസ്യൂമർഫെഡ്, മാവേലി സ്റ്റോർ എന്നിവിടങ്ങളിൽ നിന്നു സാധനങ്ങൾ വാങ്ങാം.
കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ജൂലായ്, ആഗസ്റ്റിലെ ശമ്പള കുടിശികയുടെ മൂന്നിലൊന്ന് പണമായി നൽകാനും ബാക്കി തുകയ്ക്കും ഓണത്തിന്റെ ബോണസിനും ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളും വാങ്ങാനുള്ള കൂപ്പണുകൾ നൽകാനും ഹൈക്കോടതി ഉത്തരവിട്ടിരുന്നു, 50 കോടി രൂപ ധനവകുപ്പ് അനുവദിച്ചതിനു പിന്നാലെ കൂപ്പൺ വിതരണവും ആരംഭിക്കുകയായിരുന്നു
ശമ്പളകുടിശികയും ബോണസും നൽകാൻ സർക്കാർ 103കോടി രൂപ നൽകണമെന്ന സിംഗിൾബെഞ്ച് ഉത്തരവിനെതിരെ സർക്കാർ നൽകിയ അപ്പീലിൽ ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഉത്തരവ് നൽകിയത്. കൂപ്പണുകൾ നൽകാമെന്ന നിർദേശത്തെ ജീവനക്കാർ എതിർത്തിരുന്നു.
ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവ് പുന:പരിശോധിച്ച് തിരുത്താൻ സർക്കാർ ഇടപെടണമെന്ന് ട്രാൻസ്‌പോർട്ട് എംപ്ലോയീസ് യൂണിയൻ (എ.ഐ.ടി.യു.സി )ജനറൽ സെക്രട്ടറി എം.ജി.രാഹുൽ ആവശ്യപ്പെട്ടു.
തൊഴിലെടുത്തവർക്ക് കൂലി നൽകാൻ പറയുന്നതിന് പകരം പർച്ചെയ്സ് കൂപ്പൺ വിധിക്കുന്നത് ജീവിക്കാനുള്ള അവകാശത്തിൻമേലുള്ള കൈകടത്തലാണ്..ഇത്തരം വികലവും ജനവിരുദ്ധവുമായ ആശയം കോടതിക്ക് മുമ്പിൽ പറഞ്ഞ അഡ്വക്കേറ്റ് ജനറലിനെ സ്ഥാനത്ത് നിന്ന് നീക്കണം. തൊഴിലാളികളുടെ കുടിശിക ശമ്പളവും ഓണക്കാലാനുകൂല്യങ്ങളും വിതരണം ചെയ്യാൻ സർക്കാരും മാനേജുമെന്റും തയ്യാറാകാത്ത പക്ഷം അനിശ്ചിത കാല പണിമുടക്കിലേക്ക് നീങ്ങേണ്ടി വരുമെന്നും ജീവനക്കാർ മുന്നറിയിപ്പ് നൽകി.