
അഹമ്മദാബാദ്: ഗുജറാത്തിൽ തന്റെ പാർട്ടി അധികാരത്തിലെത്തിയാൽ കർഷകരുടെ 2 ലക്ഷം രൂപയുടെ വായ്പ എഴുതിത്തള്ളുമെന്ന വാഗ്ദാനവുമായി ഡൽഹി മുഖ്യമന്ത്രിയും ആംആദ്മി പാർട്ടി കൺവീനറുമായ അരവിന്ദ് കെജ്‌രിവാൾ. ഗുജറാത്തിൽ ഈ വർഷാവസാനം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ദ്വാരക ജില്ലയിലെ തന്റെ ദ്വിദിന സന്ദർശനത്തിൽ കർഷകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പകൽ 12 മണിക്കൂർ സൗജന്യ വൈദ്യുതി, കാർഷിക വിളകൾക്ക് മികച്ച താങ്ങു വില, വിളനാശമുണ്ടായാൽ ഏക്കറിന് 20,000 രൂപ നഷ്ടപരിഹാരം എന്നീ ഉറപ്പുകളും കെജ്‌രിവാൾ കർഷകർക്ക് നൽകി.
ആം. ആദ്മി അധികാരത്തിൽ വന്നാൽ, നിലവിലെ ഭൂമി സർവേ ഒഴിവാക്കി പുതിയ സർവേ കമ്മീഷൻ ചെയ്യുമെന്നും, നർമദ അണക്കെട്ടിന്റെ കമാൻഡ് ഏരിയ വർധിപ്പിച്ച് അതിന്റെ ഗുണം സംസ്ഥാനത്തിന്റെ എല്ലാ കോണുകളിലുമെത്തിക്കുമെന്നും കെജ്‌രിവാൾ പറഞ്ഞു.
ഗുജറാത്തിലെ മുൻ സർക്കാരുകളെല്ലാം അവഗണിച്ച കർഷകരുടെ ദുരിതങ്ങൾ താൻ പരിഹരിക്കാൻ തയ്യാറാണെന്നും, പത്ത് വർഷം മാത്രം പഴക്കമുള്ള ആം. ആദ്മി പാർട്ടി പാവപ്പെട്ടവരു
ടെ അനുഗ്രഹം കൊണ്ടാണ് തുടർച്ചയായി മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബി.ജെ.പിയ്ക്കും കോൺഗ്രസിനുമെതിരെ ശക്തമായ ഭാഷയിൽ പ്രതികരിച്ച കെജ്‌രിവാൾ, ജനങ്ങൾക്ക് അധികാരവും സൗജന്യ വിദ്യാഭ്യാസവും ലഭിക്കണമെങ്കിൽ ഞങ്ങൾക്ക് തന്നെ വോട്ട് ചെയ്യണമെന്നും മറ്റുള്ളവർക്ക് വോട്ട് നൽകിയാൽ അഴിമതിയും ദുർഭരണവുമാകും ഫലവുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ കുറച്ചു മാസങ്ങളിലായി നിലവിൽ ബി.ജെ.പി ഭരിക്കുന്ന ഗുജാറാത്ത് നടത്തിയ സന്ദർശനങ്ങളിൽ സർക്കാർ സ്‌കൂളുകളിൽ പൂർണമായും സൗജന്യ വിദ്യാഭ്യാസം, മാസം 300 യൂണിറ്റുകൾ വരെ സൗജന്യ വൈദ്യുതി, തൊഴിൽ രഹിത വേതനമായി 3000 രൂപ, 10 ലക്ഷം സർക്കാർ ജോലികൾ, സ്ത്രീകൾക്ക് പ്രതിമാസം 10,000 രൂപ അടക്കം നിരവധി വാഗ്ദാനങ്ങൾ അരവിന്ദ് കെജ‌്‌രിവാൾ നൽകിയിട്ടുണ്ട്.