goat

രാജസ്ഥാൻ: ആടിനെ വിറ്റതിന് വഴക്കുപറഞ്ഞ അമ്മയെ പന്ത്രണ്ടാം ക്ളാസുകാരൻ തലക്കടിച്ചു കൊന്നു. രാജസ്ഥാനിലെ ജലവാർ ജില്ലയിലാണ് സംഭവം. നൊദയൻഭായി മേഘ്‌വാൾ (40) ആണ് കൊല്ലപ്പെട്ടത്. ചുറ്റിക കൊണ്ട് തലക്കടിച്ചും, വെട്ടിയുമാണ് അമ്മയെ മകൻ കൊലപ്പെടുത്തിയത്. തകരപ്പെട്ടിയിൽ ഒളിപ്പിച്ച മൃതദേഹം പൊലീസ് കണ്ടെടുത്തു.

ജന്മദിനത്തിൽ സുഹൃത്തുക്കൾക്കൊപ്പം മദ്യപിക്കാൻ വിദ്യാർത്ഥി അമ്മയോട് പണം ആവശ്യപ്പെട്ടിരുന്നു. എന്നാൽ പണം നൽകാൻ അമ്മ വിസമ്മതിച്ചു. തുടർന്ന് രണ്ടുപേരും തമ്മിൽ വഴക്കായി. ഇതോടെ വീട്ടിൽ വളർത്തുന്ന ആടുകളിൽ ഒന്നിനെ എടുത്തുകൊണ്ട് പോയി ഇയാൾ 5000 രൂപയ്ക്ക് വിറ്റു.

സുഹൃത്തുക്കൾക്കൊപ്പം മദ്യപിച്ച വിദ്യാർത്ഥി രാത്രി വീട്ടിൽ മടങ്ങിയെത്തി. ആടിനെ വിറ്റതറിഞ്ഞ് അമ്മ മകനെ ശകാരിച്ചു. ദേഷ്യം വന്ന മകൻ കൈയ്യിൽ കിട്ടിയ ചുറ്റിക കൊണ്ട് അമ്മയുടെ തലയിൽ അടിച്ചു. മേഘ്‌വാൾ സംഭവസ്ഥലത്തു തന്നെ മരിച്ചു.

പിന്നാലെ പ്രതി ഓടി രക്ഷപ്പെട്ടു. ജോലി കഴിഞ്ഞ് പിതാവ് ബലറാം വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. നേരെ പൊലീസിൽ പരാതി നൽകി. പൊലീസ് എത്തി മൃതദേഹം തകരപ്പെട്ടിയിൽ നിന്ന് പുറത്തെടുത്ത് പ്രാദേശിക ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. പ്രായപൂർത്തിയാകാത്ത മകനും സുഹൃത്തുക്കൾക്കുമായി തെരച്ചിൽ നടത്തുകയാണ്.