
റിയോ : അശുഭകരമായ അപകടം തന്നെ കാത്തിരിപ്പുണ്ടെന്ന യാതൊരു ധാരണയുമില്ലാതെയാണ് റൊമുലാഡോ റോഡ്രിഗ്രസ് എന്ന ബ്രസീലിയൻ മത്സ്യത്തൊഴിലാളി തന്റെ ബോട്ടുമായി കടലിലേയ്ക്ക് തിരിച്ചത്. എന്നാൽ മീൻപിടുത്തത്തിനിടയിൽ അപ്രതീക്ഷിതമായി ബോട്ടിലേയ്ക്ക് വെള്ളമിരച്ചു കയറുകയും ക്രമേണ ബോട്ട് പൂർണമായി തകരുകയും ചെയ്തു. അവിചാരിതമായി സംഭവിച്ച അപകടത്തിൽ, വെള്ളത്തിലേയ്ക്ക് വീണപ്പോൾ ആരും രക്ഷിക്കാനെത്താതെ മരണത്തിലേയ്ക്ക് താഴ്ന്നു പോകുമെന്ന് തന്നെയാണ് റോഡ്രിഗ്രസ് കരുതിയത്.
തകർന്ന ബോട്ടിൽ നിന്ന് ഒരു കൈപ്പിടിയകലത്തിലെത്തിയ ഫ്രീസറാണ് റോഡ്രിഗ്രസിന് രക്ഷകനായെത്തിയത്. പ്രാണരക്ഷാർഥം ഫ്രീസറിന് മുകളിൽ കയറി ഇരിക്കുകയായിരുന്നു. കഴിക്കാനായി ഭക്ഷണമോ കുടിക്കാൻ വെള്ളമോയില്ലാതെ ജീവനും കയ്യിൽ പിടിച്ച് ഫ്രീസറിന് മുകളിൽ കഴിഞ്ഞത് നീണ്ട 11 ദിവസങ്ങൾ. കടുത്ത സൂര്യ താപവും, നിർജ്ജലീകരണവും തളർത്താനാകാത്ത അദ്ദേഹത്തെ ഒടുവിൽ സുരക്ഷിതനായി തന്നെ പൊലീസ് കണ്ടെത്തി. തന്റെ രക്ഷകരായെത്തിയ പൊലീസുകാരിൽ നിന്ന് റോഡ്രിഗ്രസ് ആദ്യമായി ചോദിച്ച് വാങ്ങിയത് ദാഹജലമായിരുന്നു. ജീവന് ആപത്തൊന്നും കൂടാതെ തന്നെ രക്ഷപ്പെട്ടെങ്കിലും, ഇയാളെ കരയിൽ കാത്തിരുന്നത് ജയിൽവാസമായിരുന്നു.
രാജ്യാതിർത്തി കടന്ന് മീൻപിടിച്ചതിന് രണ്ടാഴ്ച്ചക്കാലം ജയിലിൽ കഴിഞ്ഞതിന് ശേഷമാണ് റോഡ്രിഗ്രസിന് തിരികെ സ്വന്തം നാട്ടിലേയ്ക്ക് മടങ്ങാനായത്. അപകടസമയത്ത് റോഡ്രിഗ്രസ് തന്റെ രാജ്യാതിർത്തിയ്ക്ക് പുറത്താണുണ്ടായിരുന്നത്, ഇതാണ് ഭാഗ്യം തുണച്ച രക്ഷപ്പെടലിലും ഇയാൾക്ക് വിനയായി മാറിയത്.