an-shamseer

തിരുവനന്തപുരം: രാഷ്ട്രീയം പറയേണ്ടിടത്ത് ഇനിയും പറയുമെന്ന് നിയുക്ത സ്പീക്കർ എ എൻ ഷംസീർ. പാർട്ടി അർപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കുമെന്നും സ്പീക്കർ എന്ന നിലയിൽ സഭ നല്ലരീതിയിൽതന്നെ നടത്തിക്കൊണ്ടുപോകാനുള്ള എല്ലാ പരിശ്രമങ്ങളും ഉണ്ടാകുമെന്നും ഷംസീർ പറഞ്ഞു. കണ്ണൂരിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വലിയ ഉത്തരവാദിത്തമാണ് പാർട്ടി ഏൽപ്പിച്ചത്. പാർട്ടി ഓരോ ഘട്ടത്തിലും നിരവധി ചുമതലകൾ ഏൽപ്പിച്ചിരുന്നു. അതെല്ലാം പരമാവധി നല്ലരീതിയിൽ തന്നെ നിർവഹിച്ചു. സഭയ്ക്കുള്ളിൽ ഭരണകക്ഷിയുടെ ഭാഗമായി നിൽക്കുമ്പോൾ അത്തരത്തിൽ പ്രവർത്തിക്കേണ്ടതായി വരും. ഇപ്പോൾ ഏൽപ്പിച്ചിരിക്കുന്ന പുതിയ ദൗത്യവും നിർവഹിക്കും. സഭയ്ക്കകത്ത് ഭരണഘടനാപരമായ കാര്യങ്ങൾ നിർവഹിക്കും. അതേസമയം, രാഷ്ട്രീയം പറയേണ്ടിടത്ത് രാഷ്ട്രീയം പറയും. മന്ത്രിയാകണോ സ്പീക്കർ ആകണോയെന്ന് തീരുമാനിക്കുന്നത് പാർട്ടിയാണെന്നും ഷംസീർ വ്യക്തമാക്കി.

സിപിഎം സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് എം വി ഗോവിന്ദൻ കഴിഞ്ഞ ദിവസം മന്ത്രിസ്ഥാനം രാജിവച്ചിരുന്നു. പകരം സ്പീക്കർ എം ബി രാജേഷ് മന്ത്രിസഭയിലേയ്ക്കെത്തും. ഈ സാഹചര്യത്തിലാണ് എം ബി രാജേഷിന് പകരം തലശേരി എംഎൽഎ എ എൻ ഷംസീർ സ്പീക്കറായി ചുമതലയേൽക്കുന്നത്. കണ്ണൂരിന് ഒരു മന്ത്രിയെ നഷ്ടപ്പെടുന്നതിനാൽ സ്പീക്കർ പദവിയിലേയ്ക്ക് കണ്ണൂരിൽ നിന്നുള്ള ജനപ്രതിനിധി എത്തുകയായിരുന്നു.