indian

വാഴ്‌സോ: പോളണ്ടിന്റെ തലസ്ഥാനമായ വാർസോയിൽ ഇന്ത്യക്കാരനെ വംശീയമായി അധിക്ഷേപിക്കുന്ന അമേരിക്കക്കാരന്റെ വീഡിയോ പുറത്ത്. ഇന്ത്യക്കാരന്റെ അനുവാദമില്ലാതെ വീഡിയോ ചിത്രീകരിക്കുകയും ട്വിറ്റർ അടക്കമുള്ള സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുകയുമായിരുന്നു.


നാല് മിനിട്ട് ദൈർഘ്യമുള്ള വീഡിയോയുടെ തുടക്കത്തിൽ ഇന്ത്യക്കാരൻ നടന്നുവരുന്നത് കാണാം. തുടർന്ന് അദ്ദേഹം തന്റെ അനുവാദമില്ലാതെ എന്തിനാണ് വീഡിയോ എടുക്കുന്നതെന്ന് ചോദിക്കുകയും, നിർത്താൻ ആവശ്യപ്പെടുകയുമായിരുന്നു. എന്നാൽ അമേരിക്കക്കാരൻ വീഡിയോ എടുക്കുന്നത് തുടരുന്നു. കൂടാതെ അയാൾ ചില ചോദ്യങ്ങൾ ചോദിക്കുകയും ചെയ്യുന്നു.


'അമേരിക്കയിൽ നിങ്ങളെപ്പോലുള്ള നിരവധി പേ‌ർ ഉണ്ട്. നിങ്ങൾ എന്തിനാണ് പോളണ്ടിൽ വന്നത്? പോളണ്ടിനെ ആക്രമിക്കാൻ കഴിയുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ? നിങ്ങൾക്ക് നിങ്ങളുടെ സ്വന്തം രാജ്യമുണ്ട്, എന്തുകൊണ്ടാണ് തിരികെ പോകാത്തത്.'- എന്നാണ് വീഡിയോ എടുക്കുന്നയാൾ ചോദിക്കുന്നത്.

നടന്നുപോകുന്ന ഇന്ത്യക്കാരനെ ഇയാൾ പിന്തുടരുകയും, വംശീയപരമായി അധിക്ഷേപിക്കുകയും ചെയ്യുന്നു. എന്തിനാണ് ഇന്ത്യക്കാരൻ 'വെള്ളക്കാരന്റെ നാട്ടിൽ' വന്നതെന്ന് ചോദിക്കുന്നു. 'ഞങ്ങൾ കഠിനാധ്വാനം' ചെയ്‌താണ് ജീവിക്കുന്നതെന്ന് പറയുകയും ചെയ്യുന്നു.

'എന്തുകൊണ്ടാണ് നിങ്ങൾ ഒരു ഇത്തിൾക്കണ്ണിയായത്? നിങ്ങൾ ഞങ്ങളുടെ വംശത്തെ വംശഹത്യ ചെയ്യുന്നു. നിങ്ങൾ ഒരു ആക്രമണകാരിയാണ്. ആക്രമണകാരി, വീട്ടിലേക്ക് പോകുക. ഞങ്ങൾ നിങ്ങളെ യൂറോപ്പിൽ ആഗ്രഹിക്കുന്നില്ല' അമേരിക്കൻ ടൂറിസ്റ്റ് പറയുന്നു.


വിദേശത്തുള്ള ഇന്ത്യക്കാർക്കെതിരെ, കഴിഞ്ഞ പത്ത് ദിവസത്തിനിടെ നടക്കുന്ന മൂന്നാമത്തെ വിദ്വേഷ കുറ്റകൃത്യമാണിത്. കഴിഞ്ഞ ആഴ്ചയിൽ, കാലിഫോർണിയയിലെ ഇന്ത്യൻ-അമേരിക്കൻ സ്വദേശിയെ ഒരാൾ 'വൃത്തികെട്ട ഹിന്ദു' എന്ന് വിളിച്ചിരുന്നു. കൂടാതെ ടെക്‌സാസിൽ അമേരിക്കയെ 'നശിപ്പിച്ചതിനാൽ തിരികെ പോകൂ'വെന്ന് ഒരു കൂട്ടം ഇന്ത്യൻ സ്ത്രീകളോട് ഒരാൾ പറഞ്ഞിരുന്നു.