earthquake

ജനീവ : മനുഷ്യർ നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നാണ് പ്രകൃതി ദുരന്തങ്ങൾ. ഇവയെ എങ്ങനെ അതിജീവിക്കാമെന്നതിനെ പറ്റി വ്യക്തമായ പദ്ധതികൾ മുൻകൂട്ടി തയാറാക്കാൻ ലോകരാജ്യങ്ങൾ ശ്രദ്ധിക്കാറുണ്ട്. ഭൂകമ്പം പോലെയുള്ള പ്രത്യാഘാതങ്ങൾ സങ്കീർണമാക്കുന്ന വിനാശകരമായ ദുരന്തങ്ങളെ അതിജീവിക്കാനുള്ള പദ്ധതികൾ തയാറാക്കാൻ ഏറെ ബുദ്ധിമുട്ടാണ്.

അത്തരത്തിൽ വളരെ ഗൗരവപരമായ ഒരു ചർച്ചയാണ് യൂറോപ്പിലെ ലിക്റ്റൻസ്റ്റൈൻ എന്ന ചെറുരാജ്യത്തിന്റെ പാർലമെന്റിൽ കഴിഞ്ഞ ദിവസം നടന്നത്. ഭൂചലന ഇൻഷ്വറൻസ് ആയിരുന്നു ചർച്ചാ വിഷയം. ചർച്ചയ്ക്കായി പാർലമെന്റംഗങ്ങളെല്ലാം ഒത്തുകൂടി നടപടിക്രമങ്ങൾ ആരംഭിച്ചെങ്കിലും പിന്നീട് നടന്നത് വൻ ട്വിസ്റ്റാണ്.

ആരെ പറ്റിയായിരുന്ന ചർച്ച, അയാൾ നേരിട്ട് അവിടെ എത്തി.! അതെ, ഭൂചലനം തന്നെ. യോഗത്തിനിടെ രണ്ട് തവണ ഭൂചലനമുണ്ടായതോടെ ചർച്ച പാതി വഴിയിൽ നിറുത്തി എം.പിമാർക്ക് പാർലമെന്റ് കെട്ടിടത്തിന്റെ പുറത്തേക്ക് ഇറങ്ങി ഓടേണ്ടി വന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. വ്യാഴാഴ്ച ഉച്ചതിരിഞ്ഞായിരുന്നു സംഭവം.

ആദ്യത്തെ ചലനം ചെറുതായിരുന്നു. രാജ്യത്തെ എല്ലാ പൗരന്മാരെയും ഭൂചലനം ബാധിക്കാനുള്ള സാദ്ധ്യത വളരെ കൂടുതലാണെന്ന് ബെറ്റിന പെറ്റ്‌സോൾഡ് - മേയർ എന്ന വനിതാ എം.പിയുടെ പരാമർശത്തിനിടെയായിരുന്നു ആദ്യ ചലനം. പാർലമെന്റിലുണ്ടായിരുന്നവർ ഒരു ചിരിയോടെ ചർച്ച തുടർന്നെങ്കിലും സെക്കന്റുകൾക്കുള്ളിലുണ്ടായ രണ്ടാമത്തേത് ശക്തമായിരുന്നു.

പാർലമെന്റ് കെട്ടിടം കുലുങ്ങിയതോടെ ചർച്ച താത്കാലികമായി നിറുത്താൻ സ്പീക്കർ ഉത്തരവിടുകയായിരുന്നു. റിക്ടർ സ്കെയിലിൽ 3.9 തീവ്രത ചലനത്തിനുണ്ടായിരുന്നതായി അധികൃതർ പറയുന്നു. പിന്നീട് 15 മിനിറ്റുകൾ ശേഷം ചർച്ച പുനഃരാരംഭിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗത്ത് ചലനം അനുഭവപ്പെട്ടെങ്കിലും ആളപായമോ നാശനഷ്ടമോ ഇല്ല.

സ്വിറ്റ്‌സർലൻഡിനും ഓസ്ട്രിയയ്ക്കും മദ്ധ്യേയാണ് ലിക്റ്റൻസ്റ്റൈനിന്റെ സ്ഥാനം. ആൽപ്സ് പർവതനിരകളുടെ സാന്നിദ്ധ്യം ഇവിടെ പലപ്പോഴും ഭൂചലനങ്ങൾക്ക് കാരണമാകാറുണ്ട്.