
വടകര: മലയാളികളുടെ മനസിൽ ഒരു തീരാനോവാണ് ലിനി സിസ്റ്റർ. ദിവസങ്ങൾക്ക് മുമ്പായിരുന്നു ലിനിയുടെ ഭർത്താവ് സജീഷ് വീണ്ടും വിവാഹിതനായത്. കൊയിലാണ്ടി സ്വദേശി പ്രതിഭയെയാണ് സജീഷ് വിവാഹം ചെയ്തത്. ഇതിനുപിന്നാലെ മക്കളെ പ്രതിഭ നന്നായി നോക്കുമോ എന്ന ആശങ്കയും ചിലർ പങ്കുവച്ചിരുന്നു.
ഇപ്പോഴിതാ, ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഇതുമായി ബന്ധപ്പെട്ട് പ്രതികരിച്ചിരിക്കുകയാണ് സജീഷും പ്രതിഭയും. സോഷ്യൽ മീഡിയയിൽ നിന്ന് ഇത്തരത്തിലുള്ള പ്രതികരണങ്ങൾ പ്രതീക്ഷിച്ചതാണെന്ന് പ്രതിഭ പറയുന്നു.
'മലയാളികൾ അത്രയധികം സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്നയാളാണ് ലിനി സിസ്റ്റർ. അവരുടെ മക്കളെ ഞാൻ നന്നായി നോക്കുമോ എന്ന പേടിയിലാണ് ഇത്തരത്തിലുള്ള അഭിപ്രായങ്ങൾ വന്നത്. അവരുടെ സ്‌നേഹത്തിൽ നിന്ന് വരുന്ന പ്രതികരണങ്ങളാണ് അത്.'- പ്രതിഭ പറഞ്ഞു. എല്ലാവരുടെയും മനസിൽ മാലാഖയാണെങ്കിൽ തന്റെ മനസിൽ ലിനി സിസ്റ്റർ ദൈവമാണെന്നും അവർ കൂട്ടിച്ചേർത്തു.
വിവാഹമോചനത്തെക്കുറിച്ചും പ്രതിഭ തുറന്നുപറഞ്ഞു. "14 വർഷത്തിന് ശേഷമാണ് ഞാനും ഭർത്താവും പിരിഞ്ഞത്. ഒരുപാട് പ്രശ്‌നങ്ങളുണ്ടായിരുന്നു. ഡിവോഴ്‌സ് കുറ്റകരമായി കാണുന്ന സമയത്തായിരുന്നു ഞങ്ങൾ പിരിഞ്ഞത്."- പ്രതിഭ പറഞ്ഞു. സജീഷുമായുള്ള വിവാഹത്തെക്കുറിച്ച് ആദ്യം പറഞ്ഞത് മകളോടാണെന്നും അവർ വ്യക്തമാക്കി.
മറ്റൊരു വിവാഹം കഴിക്കാമെന്ന് ലിനി മരിച്ച് ഏകദേശം രണ്ട് വർഷത്തിന് ശേഷം തീരുമാനിച്ചിരുന്നുവെന്ന് സജീഷ് വെളിപ്പെടുത്തി. 'അമ്മയില്ലാത്ത മക്കളായി അവർ വളരാൻ പാടില്ലെന്നുണ്ടായിരുന്നു. ഒരു പരിപാടിക്കിടെ വളരെ അവിചാരിതമായിട്ടാണ് പ്രതിഭയെ കണ്ടത്. അതിനുശേഷം പ്രതിഭയെക്കുറിച്ച് നേരിട്ടറിഞ്ഞു. സംസാരം തുടങ്ങിയത് ലിനിയെക്കുറിച്ച് തന്നെയായിരുന്നു. ഈ മൂന്ന് മക്കൾക്കും അച്ഛനായും അമ്മയായും ഞങ്ങൾ ഉണ്ടാകണമെന്ന തീരുമാനത്തിലെത്തി. ഇത് ആദ്യം അറിയിച്ചത് ലിനിയുടെ കുടുംബത്തെ തന്നെയാണ്'- സജീഷ് പറഞ്ഞു.