
പട്‌ന: ജാര്‍ഖണ്ഡിലെ ദിയോഘര്‍ വിമാനത്താവളത്തിൽ അതിക്രമിച്ച് കയറി ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് ബിജെപി എംപിമാരുള്‍പ്പടെ ഒമ്പത് പേര്‍ക്കെതിരെ കേസെടുത്തു. ബിജെപി എംപിമാരായ മനോജ് തിവാരി, നിഷികാന്ത് ദുബെ, ദുബെയുടെ രണ്ട് മക്കള്‍, വിമാനത്താവള ഡയറക്ടര്‍ തുടങ്ങിയവര്‍ക്കെതിരെയാണ് കേസ്.
എയർ ട്രാഫിക് കൺട്രോൾ റൂമിൽ രാത്രി അതിക്രമിച്ച് കയറി ചാര്‍ട്ടേര്‍ഡ് വിമാനം പറത്താൻ ഉദ്യോഗസ്ഥരെ നിർബന്ധിച്ചുവെന്നാണ് ആരോപണം. ഓഗസ്റ്റ് 31നാണ് സംഭവം. ജൂലായിൽ ഉദ്‌ഘാടനം നടന്ന ദിയോഘര്‍ വിമാനത്താവളത്തിൽ രാത്രികാല പ്രവർത്തനങ്ങൾക്ക് അനുമതിയായിട്ടില്ല. സൂര്യാസ്തമയത്തിന് അരമണിക്കൂർ മുമ്പ് വരെ വിമാന സർവീസുകൾ നടത്താനാണ് നിലവിൽ അനുമതിയുള്ളത്.
വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥനായ സുമന്‍ ആനന്ദിന്റെ പരാതിയില്‍ ഈ മാസം ഒന്നിനാണ് ബിജെപി നേതാക്കള്‍ക്കെതിരെ കുന്ദ പൊലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും ലംഘിച്ച് എംപിമാരുള്‍പ്പടെയുള്ളവര്‍ എടിസി മുറിയില്‍ പ്രവേശിക്കുകയും വിമാനം ടേക്ക് ഓഫ് ചെയ്യാനുള്ള അനുമതിക്കായി ഉദ്യോഗസ്ഥരെ സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്തുവെന്ന് പരാതിയില്‍ പറയുന്നു.