mvd

തൊടുപുഴ: കോളേജ് ഓണാഘോഷത്തിന്റെ ഭാഗമായി രൂപമാറ്റം വരുത്തി അഭ്യാസപ്രകടനം നടത്തിയ വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു. ഒരു റിക്കവറി വാഹനം ഉൾപ്പെടെ മൂന്ന് വാഹനങ്ങളാണ് മോട്ടോര്‍ വാഹന വകുപ്പും പൊലീസും ചേര്‍ന്ന് കസ്റ്റഡിയിലെടുത്തത്.

തൊടുപുഴ ന്യൂമാന്‍ കോളേജിന് മുന്നിലെ റോഡില്‍ നിന്നാണ് വെള്ളിയാഴ്ച രാവിലെ 10ന് വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തത്. മോട്ടോര്‍വാഹന വകുപ്പും എന്‍ഫോഴ്സമെന്റും തൊടുപുഴ സബ് ആര്‍ ടി ഒ സംഘവും പോലീസും സ്ഥലത്തെത്തിയാണ് വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തത്. കാറും ജീപ്പും രൂപമാറ്റം വരുത്തിയിരുന്നു. വാഹന ഉടമകള്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്.

സ്‌കൂളുകളിലും കോളേജുകളിലും മറ്റും ഓണാഘോഷങ്ങളുടെ ഭാഗമായി രൂപമാറ്റം വരുത്തിയ വാഹനങ്ങളില്‍ എത്തരുതെന്ന് മോട്ടോര്‍ വാഹന വകുപ്പ് കഴിഞ്ഞ ദിവസം തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത്തരത്തില്‍ എത്തുന്ന വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുക്കുമെന്നും വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത്തരം അഭ്യാസം നടത്തുന്നത് തടയാന്‍ പ്രത്യേക പരിശോധന നടത്തുമെന്നും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത്തരം സാഹചര്യത്തില്‍ പിടികൂടുന്ന വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ ഒരു വര്‍ഷത്തേക്ക് റദ്ദ് ചെയ്യുമെന്നും സൂചനകളുണ്ട്. ഇതിനുപുറമെ, വാഹനമോടിക്കുന്ന വിദ്യാര്‍ഥികളുടെ ലൈസന്‍സും സസ്‌പെന്‍ഡ് ചെയ്യുമെന്നായിരുന്നു അറിയിപ്പ്.