
സിഡ്‌നി: ഓസ്ട്രേലിയക്കെതിരെ സിംബാബവെയ്‌ക്ക് ചരിത്ര വിജയം. ക്രിക്കറ്റിലെ കരുത്തന്മാരെ അവരുടെ നാട്ടിൽ വച്ചാണ് സിംബാബ്‌വെ കീഴടക്കിയത്. ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ മൂന്ന് വിക്കറ്റിനാണ് ആതിഥേയർ പരാജയപ്പെട്ടത്.
ആദ്യ രണ്ട് മത്സരങ്ങളിൽ തകർപ്പൻ വിജയം സ്വന്തമാക്കിയ ഓസ്‌ട്രേലിയ മൂന്നാം ഏകദിനത്തിൽ 31 ഓവറിൽ 141 റൺസിന് പുറത്തായി. മറുപടി ബാറ്റിംഗിനിറങ്ങിയ സിംബാബ്‍വെ 39 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. ഓസ്ട്രേലിയയ്ക്കെതിരെ അവരുടെ നാട്ടിൽ സിംബാബ്‍വെയുടെ ആദ്യ ജയമാണിത്.
ഓസീസിനായി ഓപ്പണർ ഡേവിഡ് വാർണർ 94 റൺസുമായി പൊരുതി. വാർണറിന് പുറമെ 22 പന്തിൽ 19 റൺസെടുത്ത ഗ്ലെൻ മാക്‌സ്‍വെൽ മാത്രമാണ് രണ്ടക്കം കടന്നത്. മൂന്ന് ഓവറിൽ പത്ത് റൺസ് മാത്രം വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തിയ ഓൾറൗണ്ടർ റയാൻ ബേളിന്റെ പ്രകടനമാണ് ഓസ്‌ട്രേലിയയെ തകർത്തത്.