pinarayi-vijayan

തിരുവനന്തപുരം: കെ റെയിൽ പാത കർണാടകവരെ നീട്ടാനൊരുങ്ങി കേരളം. കോവളത്ത് നടക്കുന്ന ദക്ഷിണ മേഖല കൗൺസിൽ യോഗത്തിൽ ഇക്കാര്യം ഉന്നയിക്കാനാണ് നീക്കം. ഇതിനായി കർണാടകത്തിന്റെ പിന്തുണ തേടാനാണ് കേരളത്തിന്റെ തീരുമാനം.

ബിജെപി ഭരിക്കുന്ന ക‌ർണാടകത്തിലേക്ക് പദ്ധതി നീളുകയാണെങ്കിൽ കേന്ദ്രത്തിന്റെ അംഗീകാരം ലഭിക്കുമെന്നാണ് സർക്കാരിന്റെ കണക്കുകൂട്ടൽ. യോഗത്തിൽ തലശേരി, മൈസൂരു, നിലമ്പൂർ, നഞ്ചൻകോട് പാതയും കേരളം ഉന്നയിച്ചു.

അതേസമയം, അതിവേഗ റെയിൽപാത വേണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും ആവശ്യപ്പെട്ടു. ചെന്നൈ- കോയമ്പത്തൂ‌ർ അതിവേഗ പാത വേണമെന്നാണ് സ്റ്റാലിൻ ആവശ്യപ്പെട്ടത്. തൂത്തുക്കുടി, മധുര, കോയമ്പത്തൂർ, ചെന്നൈ പാത വേണമെന്നും അയൽസംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്നതാകണം അതിവേഗ റെയിൽ ഇടനാഴിയെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടു.

കോവളം റാവിസ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന യോഗത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് അദ്ധ്യക്ഷത വഹിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ, തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ എന്നിവർ കൗൺസിലിൽ പങ്കെടുക്കുന്നുണ്ട്. രാവിലെ 10 മുതൽ 2 വരെയാണ് കൗൺസിൽ ചേരുന്നത്.