ksrtc

തിരുവനന്തപുരം: ശമ്പള വിതരണം വെെകുന്നതിൽ പ്രതിഷേധവുമായി തൊഴിലാളി സംഘടന പ്രവർത്തകർ ഗതാഗത മന്ത്രി ആന്റണി രാജുവിനെ വഴിയിൽ തടയാൻ ശ്രമിച്ചു. കോഴിക്കോട് ചാത്തമംഗലത്ത് ഗ്രാമവണ്ടി ഉദ്ഘാടനത്തിന് ശേഷം മന്ത്രി മടങ്ങവെയായിരുന്നു പ്രതിഷേധം. എസ്‌.ടി.യു പ്രവർത്തകരാണ് പ്രതിഷേധവുമായി എത്തിയത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്‌ത് നീക്കി.

അതേസമയം, കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് അനുവദിച്ച കൂപ്പൺ വിതരണവും വെെകും. ആവശ്യക്കാരുണ്ടെങ്കിൽ മാത്രം കൂപ്പൺ ഇറക്കുമെന്നും ആവശ്യക്കാർ എത്രയെന്ന് അറിയിക്കണമെന്നും ജില്ലാ ഓഫീസുകൾക്ക് കത്ത് അയച്ചിട്ടുണ്ട്.

രണ്ടു മാസത്തെ ശമ്പളത്തിന്റെ മൂന്നിൽ രണ്ടു ഭാഗത്തിന് ആനുപാതികമായാണ് കൂപ്പൺ വിതരണം ചെയ്യുന്നത്. കേരള ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് ബോര്‍ഡ്, സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍, കണ്‍സ്യൂമര്‍ ഫെഡ്, മാവേലി സ്റ്റോര്‍, ഹോര്‍ട്ടികോര്‍പ്, ഹാന്‍ടെക്സ്, ഹാന്‍വീവ് എന്നിവിടങ്ങളിൽ നിന്ന് സാധനങ്ങൾ വാങ്ങാം.

നേരത്തെ കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ജൂലായ്, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പള കുടിശികയുടെ മൂന്നിലൊന്ന് പണമായി നൽകാനും ബാക്കി തുകയ്ക്കും ഓണത്തിന്റെ ബോണസിനും ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളും വാങ്ങാനുള്ള കൂപ്പണുകൾ നൽകാനും ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

ശമ്പളകുടിശികയും ബോണസും നൽകാൻ സർക്കാർ 103 കോടി രൂപ നൽകണമെന്ന സിംഗിൾബെഞ്ച് ഉത്തരവിനെതിരെ സർക്കാർ നൽകിയ അപ്പീലിൽ ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഉത്തരവ് നൽകിയത്. കൂപ്പണുകൾ നൽകാമെന്ന നിർദേശത്തെ ജീവനക്കാർ എതിർത്തിരുന്നു. കൂപ്പണുകൾ കൈപ്പറ്റില്ലെന്നാണ് സി.ഐ.ടി.യു അടക്കമുള്ള തൊഴിലാളി യൂണിയനുകള്‍ അറിയിച്ചിരിക്കുന്നത്. കൂപ്പൺ നൽകാനുള്ള തീരുമാനം തൊഴിലാളികളെ അപമാനിക്കുന്നതാണെന്നും മുഖ്യമന്ത്രിയുമായുള്ള യോഗത്തിൽ എതിർപ്പറിയിക്കുമെന്നും സി.ഐ.ടി.യു വ്യക്തമാക്കി.