യാഷിനെ നായകനാക്കി പ്രശാന്ത് നീൽ സംവിധാനം ചെയ്ത ചിത്രമാണ് കെ.ജി.എഫ്- ചാപ്റ്റർ 2. മികച്ച പ്രേക്ഷക പ്രതികരണം നേടിയ ചിത്രം ബോക്സോഫീസിലെ നിരവധി റെക്കോഡുകളും സ്വന്തം പേരിലാക്കി.
ഇപ്പോഴിതാ കെ.ജി.എഫിനെ വിമർശിച്ച് എത്തിയിരിക്കുകയാണ് പ്രമുഖ സംവിധായകൻ രാം ഗോപാൽ വർമ. ബോളിവുഡിലെ ഒറ്റ സംവിധായകർക്കും കെ.ജി.എഫ് -ചാപ്റ്റർ 2 ഇഷ്ടപ്പെട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ വിമർശനം. ഒരു അഭിമുഖത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'അഞ്ച് തവണ കെ.ജി.എഫ് കാണാൻ ശ്രമിച്ചെങ്കിലും അരമണിക്കൂറിലധികം കാണാൻ സാധിച്ചില്ലെന്ന് ഒരു സംവിധായകൻ എന്നോട് പറഞ്ഞിട്ടുണ്ട്. സിനിമ കാണുന്നതിനിടയിൽ ഞാൻ മയങ്ങി പോയി. ഇതെന്താണ് കാണിച്ചുവച്ചേക്കുന്നതെന്ന് ആശ്ചര്യത്തോടെ നോക്കിനിന്നിട്ടുണ്ട്'- രാം ഗോപാൽ വർമ പറഞ്ഞു.
മുൻപും കെ.ജി.എഫിനെതിരെ വിമർശനവുമായി രാം ഗോപാൽ വർമ എത്തിയിട്ടുണ്ട്. കെ.ജി.എഫ് 2 മറ്റെല്ലാ വമ്പൻ സിനിമകൾക്കും മേൽ നിഴൽ വീഴ്ത്തുന്ന വലിയ ഇരുണ്ട മേഘം പോലെയാണെന്ന് സംവിധായകൻ പറഞ്ഞിരുന്നു.