
ജയ്‌പൂർ: ദളിത് വിദ്യാർത്ഥിനികളോട് വിവേചനം കാണിച്ച പാചകക്കാരൻ അറസ്റ്റിൽ. രാജസ്ഥാനിലെ ഉദയ്‌പൂർ ജില്ലയിലെ സർക്കാർ സ്‌കൂളിൽ വെള്ളിയാഴ്ചയായിരുന്നു സംഭവം. രണ്ട് ദളിത് പെൺകുട്ടികളോട് വിവേചനം കാണിച്ചതിനാണ് പാചകക്കാരനായ ലാലാ റാം ഗുർജാറിനെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു.
ലാലാ റാം ഗുർജാർ പാകം ചെയ്ത ഉച്ചഭക്ഷണമാണ് ദളിത് വിദ്യാർത്ഥിനികൾ വിളമ്പിയത്. ലാല റാം ഇതിനെ എതിർക്കുകയും ഭക്ഷണം കഴിക്കുകയായിരുന്ന മറ്റ് വിദ്യാർത്ഥികളോട് ദളിതർ വിളമ്പിയതിനാൽ വലിച്ചെറിയാൻ ആവശ്യപ്പെടുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു.
പാചകക്കാരന്റെ നിർദേശ പ്രകാരം വിദ്യാർത്ഥികൾ ഭക്ഷണം വലിച്ചെറിഞ്ഞു. തുടർന്ന് വീട്ടിലെത്തിയ പെൺകുട്ടികൾ സംഭവത്തെക്കുറിച്ച് രക്ഷിതാക്കളോട് പറയുകയായിരുന്നു. ശേഷം ബന്ധുക്കളോടൊപ്പമെത്തി പാചകക്കാരനെതിരെ നടപടി ആവശ്യപ്പെടുകയായിരുന്നു. എസ് സി, എസ് എസ് ടി (അതിക്രമങ്ങൾ തടയൽ) ആക്ട് പ്രകാരമാണ് ഗോഗുണ്ട പൊലീസ് കേസെടുത്തിരിക്കുന്നത്.