joy-alukkas

തൃശൂർ: അത്യാധുനിക സുരക്ഷാസജ്ജീകരണങ്ങളുള്ള ഹെലികോപ്‌ടർ സ്വന്തമാക്കി ജോയ് ആലുക്കാസ്. 90 കോടിയോളം രൂപവിലയുള്ള ലിയോനാഡോ 109 ഗ്രാൻഡ് ന്യൂ ഇരട്ട എൻജിൻ ഹെലികോപ്‌ടറാണ് തൃശൂരിലെത്തിച്ചത്. ഹെലികോപ്‌ടറിന്റെ ആശീർവാദകർമ്മം ഫാ.ബ്രില്ലിസ് നിർവഹിച്ചു. തൃശൂർ മേയർ എം.കെ.വർഗീസ്, ജോയ് ആളുക്കാസ് ഇന്ത്യ മാനേജിംഗ് ഡയറക്‌ടർ ജോയ് ആലുക്കാസ്, ജോളി ജോയ്, എൽസ തോമസ് തുടങ്ങിയവർ സംബന്ധിച്ചു.

ആഗോളതലത്തിൽ വ്യവസായികളും ഉന്നത ബിസിനസ് എക്‌സിക്യുട്ടീവുകളും സ്വകാര്യയാത്രയ്ക്ക് ഉപയോഗിക്കുന്ന അതിസുരക്ഷിത ഹെലികേ‌ാപ്‌ടറാണിത്. ജോയ് ആലുക്കാസ് മാനേജ്‌മെന്റ് ടീമിന്റെ ഇന്ത്യയിലെ യാത്രകൾക്ക് ഹെലികോപ്‌ടർ ഉപയോഗിക്കുമെന്ന് മാനേജിംഗ് ഡയറക്‌ടർ ജോയ് ആലുക്കാസ് പറഞ്ഞു.

ഇറ്റാലിയൻ പെരുമ

ഇറ്റാലിയൻ കമ്പനിയായ ലിയോനാഡോ ഹെലികോപ്‌ടേഴ്‌സ് നിർമ്മിച്ച കോപ്‌ടറാണിത്. രണ്ട് പൈലറ്റുമാരെയും ഏഴുവരെ യാത്രക്കാരെയും ഉൾക്കൊള്ളും. മണിക്കൂറിൽ 289 കിലോമീറ്ററാണ് പരമാവധി വേഗം. നാലര മണിക്കൂർ വരെ തുടർച്ചയായി പറക്കും. ശബ്ദം കുറവാണെന്ന മികവുണ്ട്.

ഓട്ടോമാറ്റിക് നാവിഗേഷൻ, ഡിജിറ്റൽ ഓട്ടോ പൈലറ്റ്, കുറഞ്ഞ വെളിച്ചത്തിലും മികച്ച ദൃശ്യതനൽകുന്ന ഇ.വി.എസ്., കാർഗോ ഹുക്ക് കാമറകൾ, പ്രതികൂല സാഹചര്യത്തിലും പറക്കൽപ്പാത വ്യക്തമായി കാട്ടുന്ന ത്രിമാന മുന്നറിയിപ്പ് സംവിധാനമായ സിന്തറ്റിക് വിഷൻ സിസ്‌റ്റം തുടങ്ങിയ അത്യാധുനിക സൗകര്യങ്ങൾ കോപ്‌ടറിന്റെ സവിശേഷതയാണ്.