
ന്യൂഡൽഹി: ബി.ജെ.പി നേതാക്കളിൽ ജനപ്രീതിയിൽ മുന്നിൽ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ. ബി.ജെ.പി സ്വകാര്യ ഏജൻസിയുടെ സഹായത്തോടെ തയ്യാറാക്കിയ ആഭ്യന്തര സർവേ റിപ്പോർട്ടിലാണ് ജനപ്രീതിയിൽ മോദിക്ക് കാര്യമായ കുറവൊന്നുൃമില്ലെന്ന് കണ്ടെത്തിയത്. അതേസമയം ഭരിക്കുന്ന സംസ്ഥാനങ്ങളിലടക്കം നേതാക്കളുടെ ജനപ്രീതിയിൽ കാര്യമായ കുറവുണ്ടെന്ന് സർവേ റിപ്പോർട്ടിൽ പറയുന്നു.
കേരളത്തിൽ ഏറ്റവും ജനപ്രീതിയുള്ള നേതാവ് സുരേഷ് ഗോപിയാമെന്നാണ് സർവേയിലെ കണ്ടെത്തൽ. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ സ്വകാര്യ ഏജൻസിയുടെ സഹായത്തോടെ ബി.ജെ.പി ദേശീയ നേതൃത്വം നടത്തിയ സർവേ സംബന്ധിച്ച റിപ്പോർട്ടുകളാണ് പുറത്തുവന്നത്.
ബി.ജെ.പി ഭരണത്തിലുള്ള സംസ്ഥാനങ്ങളിൽ പ്രധാന നേതാക്കൾക്കൊന്നും 25 ശതമാനത്തിലധികം ജനപ്രീതിയില്ല. എന്നാൽ നരേന്ദ്രനമോദിയുടെ ജനപ്രീതി വർദ്ധിച്ചിട്ടുണ്ട്. സംസ്ഥാന നേതാക്കളെക്കാൾ ജനപ്രീതി മോദിക്കുണ്ട്. സർവേയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ പ്രാദേശിക നേതാക്കളെക്കാൾ നരേന്ദ്രമോദിയെ ഉയർത്തിക്കാട്ടി തിരഞ്ഞെടുപ്പുകളെ നേരിടാനാണ് ബി.ജെ.പിയുടെ തീരുമാനം.
അതേസമയം സർവേ സംബന്ധിച്ച റിപ്പോർട്ടുകൾ നിഷേധിക്കുകയാണ് ബി.ജെ.പി സംസ്ഥാന നേതൃത്വം. ഗുജറാത്തിലും ഹിമാചൽ പ്രദേശിലും ഈ വർഷം അവസാനമാണ് തിരഞ്ഞെടുപ്പ്. രാജസ്ഥാൻ , കർണാടക തെലങ്കാന അടക്കം 6 സംസ്ഥാനങ്ങളിൽ അടുത്ത വർഷം ആദ്യവും തിരഞ്ഞെടുപ്പ് നടക്കും.