
നിഴൽ വീണ പുലർകാല പാതയ്ക്കു കുറുകെ നടക്കുമ്പോൾ
ഞാൻ നിന്നെ തിരയുകയാണ്.
ഓരോ വഴിവക്കിലും ഞാൻ നിന്നെ പ്രതീക്ഷിക്കും.
അതാ നീ അവിടെ നിൽക്കുന്നു;
കേവലം പതിനഞ്ചു വാര അകലെ.
ജീൻസിന്റെ കീശയിൽ ഇടം കൈ തിരുകി :
ആ പഞ്ഞിക്കുപ്പായം,
വിസ്മൃതിയിലാണ്ട മിഴി നോട്ടം,
വിട്ടൊഴിയാത്ത കള്ളച്ചിരി.
വെയിലും മഞ്ഞും ഇണ ചേരുന്ന വഴികളിലൂടെ നീങ്ങുന്ന
ഓരോ പുലരിയിലും
വനവിജനമായ മൗനത്തിലൂടെ
മടങ്ങിവരുന്ന ഓരോ രാത്രിയിലും
നീ കാത്തു നിൽക്കുന്നതു ഞാൻ കാണും,
പതിനഞ്ചു വാര മാത്രം അകലെ.
മുമ്പൊരിക്കലുമില്ലാത്ത വണ്ണം
നമ്മുടെ കണ്ണുകൾ കൂട്ടി മുട്ടും.
ലഹരി നുരയുന്ന ആദ്യ സ്പർശം പോലെ.
ആദ്യ ഭ്രാന്ത ചുംബനം പോലെ
നമ്മുടെ കണ്ണുകൾ തമ്മിലുടക്കും.
നാം ഗാഢമായി പുണരും പരസ്പരം.
പിന്നെയും മിഴി കൂർപ്പിക്കും പുതിയൊരു സമാഗമത്തിനായി
അജ്ഞാതമായ ഓരോ വഴി വക്കിലും .
ഞാൻ പുടവയുടുക്കുന്നതും
ഇഷ്ട സുഗന്ധം പൂശുന്നതും
നിനക്കു വേണ്ടിയല്ലേ
ഇനിയുമെനിക്കാവില്ല സമയം കളയാൻ.
നീ കാത്തു നിൽക്കുകയാണല്ലോ.
ഞാനും കാത്തു നിൽപ്പാണ്.
നമ്മുടെ പുന:സമാഗമത്തിനുള്ള കാത്തു നില്പ്.
നമുക്കിടയിൽ പതിനഞ്ചു വാരയുടെ ദൂരം മാത്രമേയുള്ളൂ.
ഒന്നു തൊടാൻ, ഒന്നു പുഞ്ചിരിക്കാൻ .
ഒരുമിച്ചൊന്നു കരയാൻ