indra-house-boat

കൊച്ചി: അടുത്ത മാസം മുതൽ ഇന്ത്യയിലെ ആദ്യ സോളാർ ക്രൂസ് ബോട്ടായ ഇന്ദ്രയിൽ ഉല്ലാസയാത്രക്കാർക്ക് കൊച്ചി കായലിൽ ചുറ്റിയടിക്കാം. ജലഗതാഗത വകുപ്പിന്റെ ഈ ഇരുനില ബോട്ടിൽ താഴത്തെനിലയിൽ 100 പേർക്ക് ഇരുന്ന് യാത്ര ചെയ്യാം.


താഴത്തെനില എ.സിയാണ്. മുകളിലെ നിലയിൽ യോഗങ്ങളും പരിപാടികളും നടത്താം. ഇവിടെ കുടുംബശ്രീയുടെ ഭക്ഷണവും ഉണ്ടാകും. ബോട്ടിന്റെ ചെലവും തൊഴിലാളികളുടെ ശമ്പളവുമടക്കം പ്രതിദിനം 4000 രൂപയോളമേ ബോട്ടിന് ചെലവ് വരൂ. രാവിലെയും ഉച്ചയ്ക്കും വൈകിട്ടുമായി രണ്ടര മണിക്കൂർ വീതം മൂന്ന് ട്രിപ്പുണ്ടാകും. ആവശ്യക്കാർക്ക് ബുക്ക് ചെയ്ത് ഉപയോഗിക്കാം. സ്വകാര്യ ക്രൂസ് ബോട്ടുകൾ മണിക്കൂറിന് മുന്നൂറ് രൂപയാണ് ഈടാക്കുന്നത്. ഇതിലും കുറവായിരിക്കും ഇന്ദ്രയുടെ നിരക്ക്.

അരൂർ സെഞ്ച്വറി യാർഡിലാണ് നിർമ്മാണം. കളമശേരിയിലെ നവഗതി മറൈൻ ഡിസൈനിംഗ് ആൻഡ് കൺസ്ട്രക്ഷൻ കമ്പനിയാണ് രൂപകല്പനയും നിർമ്മാണവും.മഴക്കാലത്ത് വൈദ്യുതിയിൽ ചാർജ് ചെയ്ത് ഓടിക്കാം. ഇതിനായി 40 കിലോവാട്ട് വീതമുള്ള രണ്ട് ബാറ്ററികളുണ്ട്.

പ്രത്യേകത

വലിപ്പം:

24 മീ. നീളം, 7മീ.വീതി.

കരുതൽ ഊർജം:

100 കിലോവാട്ട്.

വേഗത:

ആറ് നോട്ടിക്കൽമൈൽ

നിർമാണച്ചെലവ്:

Rs.2.90 കോടി

വേഗ-2

ജലഗതാഗതവകുപ്പിന്റെ മറ്റൊരു ക്രൂസ് ബോട്ടാണ് ആലപ്പുഴ- പാതിരാമണൽ റൂട്ടിൽ സർവീസ് നടത്തുന്ന വേഗ-2. ഈ ഡീസൽ ബോട്ടി​ന്റെ പ്രതിദിന ചെലവ് 12000 രൂപയും ശരാശരി​ വരവ് 56000 രൂപയുമാണ്. 120 സീറ്റി​ൽ 80 എണ്ണം എ.സി​യാണ്. എ.സിക്ക് 600 രൂപയും നോൺ എ.സിക്ക് 400 രൂപയുമാണ് ടിക്കറ്റ് നിരക്ക്.

സോളാർ ബോട്ടുകൾ കൂടുതൽ ലാഭകരമാണ്. സോളാർ ക്രൂസിനുശേഷം സോളാ‌ർ പാസഞ്ചർ ബോട്ടുകളും ഇറക്കാൻ തീരുമാനി​ച്ചി​ട്ടുണ്ട്.

ഷാജി വി. നായർ,

ഡയറക്ടർ,

സംസ്ഥാന ജലഗതാഗതവകുപ്പ്