kk

ന്യൂഡൽഹി: ഓണമെന്നാൽ മലയാളികളുടെ മനസിലേയ്ക്ക് ആദ്യമോടിയെത്തുന്നത് വിഭവമൃദ്ധമായ ഓണസദ്യ തന്നെയാണ്. തൂശനിലയിൽ രുചിയോടെ വിളമ്പുന്ന ഓലനും അവിയലും പരിപ്പും പച്ചടിയും പായസവുമെല്ലാം ഒഴിവാക്കിയൊരു ഓണം മലയാളികൾക്ക് സങ്കൽപ്പിക്കാൻ പോലും സാദ്ധ്യമല്ല. ഓണക്കാലത്തോടടുക്കുമ്പോൾ, കേരളത്തിലെ പല റെസ്‌റ്റോറന്റുകളും പായസമേളയും സദ്യയുമൊക്കെയൊരുക്കി തമ്മിൽ മത്സരിക്കാറുമുണ്ട്. എന്നാൽ ഓണത്തിന്റെയും ഓണസദ്യയുടെയും ജനപ്രീതി ഇപ്പോൾ കേരളത്തിൽ മാത്രമൊതുങ്ങുന്നതല്ല, ഡൽഹിയിലെ ഒരു കൂട്ടം റസ്‌റ്റോറന്റുകളും മലയാളികൾക്കായി പ്രിയങ്കരമായ ഓണസദ്യ തയ്യാറാക്കി കാത്തിരിപ്പിലാണ്.

മഹാബെല്ലി


എല്ലാ വർഷവും മഹാബെല്ലി ഡൽഹിയിലെ മലയാളികൾക്കായി പ്രത്യേക ഓണസദ്യയൊരുക്കാറുണ്ട്. ഇത്തവണ തട്ടുകട തീമിൽ കേരളത്തിലെ രുചികരമായ വെജിറ്റേറിയൻ ഭക്ഷണങ്ങൾ തയ്യാറാക്കി നൽകിയാണ് റെസ്‌റ്റോറന്റ് ഓണാഘേഷത്തിന്റെ ഭാഗമാകുന്നത്.


പത്മനാഭം
അടുത്തിടെ നവീകരിച്ച റെസ്‌റ്റോറന്റ് 18 കേരള വിഭവങ്ങളടങ്ങിയ വമ്പൻ സദ്യയൊരുക്കിയാണ് മലയാളികളെ വരവേൽക്കുന്നത്. തനിനാടൻ രീതിയിൽ വാഴയിലയിൽ തന്നെയാണ് ഇവിടെ സദ്യ വിളമ്പുന്നത്.


ചെട്ടിനാട്
ദക്ഷിണേന്ത്യയിലെ പ്രാദേശിക വിഭവങ്ങളുടെ രുചിഭേദത്തിന് പേരുകേട്ട ചെട്ടിനാട് റെസ്‌റ്റോറന്റ് പരമ്പരാഗതമായി വാഴയിലയിൽ വിളമ്പുന്ന സ്വാദിഷ്ടമായ സദ്യയുമായാണ് ഇത്തവണ ഓണം ആഘേഷിക്കുന്നത്. റെസ്‌റ്റോറന്റിലെ ഓരോ വിഭവങ്ങളും രുചികരമാണെങ്കിലും, ഇവിടുത്തെ അവിയലും രസവും പരിപ്പ്കറിയുമാണ് ഏറെ വേറിട്ട് നിൽക്കുന്നത്.


ദക്ഷിൺ ഷെറാട്ടൺ
പരമ്പരാഗതമായി തന്നെ ഓണസദ്യ വെജിറ്റേറിയനാണെങ്കിലും, ഓണസദ്യയോടൊപ്പം രുചികരമായ നോൺവെജിറ്റേറിയൻ വിഭവങ്ങളും ദക്ഷിൺ റെസ്‌റ്റോറന്റ് തയ്യാറാക്കി നൽകുന്നുണ്ട്. സാമ്പാർ,കാബേജ് തോരൻ, ചിപ്പ്സ് അടക്കം 22 കൂട്ടം വിഭവങ്ങളാണ് ഇവിടുത്തെ ഓണസദ്യയ്ക്ക് മാറ്റ് കൂട്ടുന്നത്.


സാമ്പാർ
25 ഓണവിഭവങ്ങളടങ്ങിയ രുചികരമായ സദ്യയാണ് ഇത്തവണ സാമ്പാർ റെസ്‌റ്റോറന്റ് ഒരുക്കി നൽകുന്നത്. ഹോം ഡെലിവറി സംവിധാനവും റെസ്‌റ്റോറന്റ് ഓണവാരത്തിൽ നൽകുന്നുണ്ട്.


വെസ്റ്റിൻ ഗുഡ്ഗാവ്
ഷെഫ് രേഖ രാഘവനൊരുക്കുന്ന സ്‌പെഷ്യൽ ഓണസദ്യയാണ് മലയാളികൾക്ക് വെസ്റ്റിൻ ഗുഡ്ഗാവ് റെസ്‌റ്റോറന്റിന്റെ ഓണ സമ്മാനം. സെപ്തംബർ 8 മുതൽ 10 വരെയാണ് റെസ്‌റ്റോറന്റിൽ പ്രത്യേക ഓണസദ്യ തയ്യാറാക്കി നൽകുന്നത്.

ഓണനാളിൽ നാട്ടിലെത്തി ഓണസദ്യ രുചിക്കാനാകാത്ത മലയാളികൾക്ക് കുടുംബമായി തന്നെ ഈ റെസ്‌റ്റോറന്റുകളിലെത്തി രുചിമേളമാസ്വാദി ക്കാവുന്നതാണ്.