kk

വാഷിംഗ്ടൺ : നാസയുടെ ചാന്ദ്രദൗത്യം ആർട്ടെമിസ് വണ്ണിന്റെ വിക്ഷേപണം രണ്ടാംതവണയും മാറ്റിവച്ചു. റോക്കറ്റിൽ ഇന്ധനം നിറയ്ക്കുന്നതിനിടെ സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് ദൗത്യം മാറ്റിവച്ചതെന്ന് നാസ അറിയിച്ചു. തകരാർ പരിഹരിക്കാൻ കഴിഞ്ഞില്ലെന്ന് നാസ വ്യക്തമാക്കി.

നേരത്തെ ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിൽ നിന്ന് ആഗസ്റ്റ് 29ന് നിശ്ചയിച്ചിരുന്ന വിക്ഷേപണവും സമാന സാഹചര്യത്തെ തുടർന്ന് മാറ്റിയിരുന്നു. ഫ്യുവൽ ലൈനിലെ തകരാറായിരുന്നു അന്ന് പ്രശ്നമായത്. റോക്കറ്റിന്റെ 4 കോർ സ്റ്റേജ് എൻജിനുകളിൽ ഒന്നിൽ സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്നായിരുന്നു വിക്ഷേപണം മാറ്റിവച്ചത്. പ്രശ്നങ്ങൾ പരിഹരിച്ചശേഷം ശനിയാഴ്ച വീണ്ടും വിക്ഷേപിക്കാൻ തീരുമാനിച്ചു. പക്ഷേ വീണ്ടും സാങ്കേതിക പിഴവ് കണ്ടെത്തിയതിനാൽ വിക്ഷേപണം പ്രതിസന്ധിയിലാകുകയായിരുന്നു.

അരനൂറ്റാണ്ടിനു ശേഷം മനുഷ്യരെ വീണ്ടും ചന്ദ്രനിലെത്തിക്കാൻ ലക്ഷ്യമിടുന്നതാണ് ആർട്ടിമിസ് ദൗത്യം. മനുഷ്യന് പകരം സ്‌പേസ് സ്യൂട്ട് അണിഞ്ഞ പാവകൾ ആണ് ആർട്ടിമിസ് വണ്ണിലുണ്ടാവുക. 46 ടൺ ഭാരമുള്ള റോക്കറ്റിൽ 7700 കിലോഗ്രാമുള്ള ക്യാപ്സ്യൂൾ ഉള്ളിൽ വഹിച്ചുകൊണ്ടായിരിക്കും ദൗത്യം. വിക്ഷേപണത്തിന് ശേഷം 8 മുതൽ 14 ദിവസത്തിനുള്ളിൽ ചന്ദ്രനിൽ ഈ റോക്കറ്റ് എത്തും