kk

ന്യൂയോർക്ക്: യു.എസിലെ വടക്കുകിഴക്കൻ മിസിസിപ്പിയിലെ ടുപെലോ നഗരത്തിന് മുകളിലൂടെ മോഷ്ടിച്ച വിമാനവുമായി മണിക്കൂറുകളോളം ജനങ്ങളെ ഭീതിയിലാഴ്‌ത്തിയാൾ കസ്റ്റഡിയിൽ. വിമാനം സുരക്ഷിതമായി ഇറക്കിയ ശേഷമാണ് ഇയാളെ കസ്റ്റഡിയിലെടുത്തതെന്ന് ഗവർണർ ടേറ്റ് റീവ്സ് പറഞ്ഞു.

ഇയാൾ വിമാനം വെസ്റ്റ് മെയിനിലെ വാൾമാർട്ട് കെട്ടിടത്തിലേയ്ക്ക് ഇടിച്ചിറക്കുമെന്ന ഭീഷണിയെ തുടർന്ന് സ്റ്റോറുകളിൽ നിന്നും മറ്റും പൊലീസ് ആളുകളെയൊഴിപ്പിച്ചിരുന്നു. പൈലറ്റുമായി പൊലീസ് നേരിട്ട് സംസാരിച്ചിരുന്നെങ്കിലും, ഇയാളെ പറ്റിയുള്ള മറ്റ് വിവരങ്ങളൊന്നും തന്നെ പുറത്തു വിട്ടിരുന്നില്ല.


ബീച്ച്ക്രാഫ്റ്റ് കിംഗ് എയർ 90 എന്ന ഇരട്ട എഞ്ചിനുകളുള്ള ചെറുവിമാനമാണ് 29കാരനായ പൈലറ്റ് ടുപെലോ വിമാനത്താവളത്തിൽ നിന്ന് കൊണ്ടുപോയത്. ഒമ്പത് പേർക്കു സഞ്ചരിക്കാവുന്നതായിരുന്നു തട്ടിയെടുത്ത വിമാനം. ഇതിനെ തുടർന്ന് ടുപെലോ നഗരം പൊലീസും ആംബുലൻസുകളും കൊണ്ട് നിറഞ്ഞിരുന്നു. രാവിലെ അഞ്ചുമുതലാണ് ഇയാൾ വിമാനം നഗരത്തിന് മുകളിലൂടെ പറത്താൻ തുടങ്ങിയത്.


റോക്ക് ആൻഡ് റോൾ സംഗീത ഇതിഹാസമായ എൽവിസ് പ്രെസ്ലിയുടെ ജന്മസ്ഥലമായ ടുപേലോ നഗരത്തിലെ ജനസംഘ്യ ഏകദേശം 40,000 മാണ്. ഫ്‌ളൈറ്റ് അവയർനെസ് സൈറ്റിൽ നിന്ന് ലഭിച്ച മാപ്പിൽ വിമാനത്തിന്റെ വളഞ്ഞു, പുളഞ്ഞുള്ള സഞ്ചാരപാത ദൃശ്യമായിരുന്നു.

സ്ഥിതിഗതികൾ പരിഹരിച്ചു, ആർക്കും പരിക്കില്ല, ഗവർണർ റീവ്സ് ട്വിറ്ററിൽ അറിയിച്ചു.

'നോർത്ത് എംഎസിനു മുകളിലൂടെയുള്ള വിമാനം തകർന്നു. സ്ഥിതിഗതികൾ പരിഹരിച്ചതിൽ നന്ദിയുണ്ട്, ആർക്കും പരിക്കില്ല. അങ്ങേയറ്റത്തെ പ്രൊഫഷണലിസത്തോടെ ഈ സാഹചര്യം കൈകാര്യം ചെയ്ത പ്രാദേശിക, സംസ്ഥാന, ഫെഡറൽ നിയമപാലകർക്ക് എല്ലാറ്റിനുമുപരിയായി നന്ദി,' റീവ്സ് പറഞ്ഞു.