kk

ന്യൂഡൽഹി: ഇന്ത്യയുടെ മുതിർന്ന ഇടംകൈയൻ സ്പിന്നറായ രവീന്ദ്ര ജഡേജയ്ക്ക് ആസ്‌ട്രേലിയ വേദിയാകുന്ന ടി20 ലോകകപ്പ് ടീമിൽ സ്ഥാനം നഷ്ടമായേക്കും. കാൽമുട്ടിനേറ്റ പരിക്കിനായി ശസ്ത്രകിയയ്ക്ക് വിധേയനാകുന്നതോടെ താരത്തിന് അനിശ്ചിത കാലത്തേയ്ക്ക് കളിക്കളത്തിൽ നിന്നും വിട്ട് നിൽക്കേണ്ടി വന്നേക്കും.


ഏഷ്യാ കപ്പിൽ ഹോങ്കോങിനോടും പാക്കിസ്ഥാനോടുമുള്ള ആദ്യത്തെ രണ്ട് മത്സരങ്ങളിൽ ഇന്ത്യക്ക് വേണ്ടി ആൾറൗണ്ടറായ ജഡേജ വലിയ പങ്ക് വഹിച്ചിരുന്നു.
താരത്തിന്റെ കാലിനേറ്റ പരിക്ക് ഗുരുതര സ്വഭാവമുള്ളതാണെന്നും, ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ മെഡിക്കൽ ടീമിന്റെ നിർദേശപ്രകാരം ശസ്തക്രിയയ്ക്ക് വിധേയനാവുകയാണെങ്കിൽ തിരികെ ഇന്റർനാഷണൽ ഫോർമാറ്റിൽ എന്ന് കളിക്കാനാകുമെന്ന് നിശ്ചയമായി പറയാനാകില്ലെന്നും ബി.സി.സി.ഐ വൃത്തങ്ങൾ വ്യക്തമാക്കി.


കാൽമുട്ടിലെ ആന്റീരിയർ ക്രൂഷിയേറ്റ് ലിഗമെന്റിലാണ് പരിക്കേറ്റതെങ്കിൽ, ജഡേജയ്ക്ക് ടീമിൽ
തിരിച്ചെത്താൻ 6 മാസമെങ്കിലും കാത്തിരിക്കേണ്ടി വരും. കാൽമുട്ടിലെ പരിക്ക് ദീർഘകാലമായി താരത്തെ അലട്ടി വരുകയായിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം പരിക്ക് ഭേദമായി കായികക്ഷമത തെളിയിച്ച് തിരികെ ദേശീയ ടീമിൽ ഇടം പിടിക്കാനായി താരത്തിന് ദീർഘനാൾ കാത്തിരിക്കേണ്ടി വരും.