
പണ്ട് സെറ്റ് സാരിയും പട്ടുപാവടയുമൊക്കെയുടുത്തായിരുന്നു പെൺകുട്ടികളുടെ ഓണാഘോഷം. എന്നാൽ കാലം മാറുന്നതിനനുസരിച്ച് ഓണാഘോഷവും മാറുകയാണ്. കോളേജുകളിലും മറ്റും മുണ്ടും ഷർട്ടും ധരിച്ച് പരിപാടികളിൽ പങ്കെടുക്കാനെത്തുന്ന പെൺകുട്ടികളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുമുണ്ട്.
അത്തരത്തിൽ കോഴിക്കോട് നടക്കാവ് ഗവ. ഗേൾസ് വി എച്ച് എസിലെ ഓണാഘോഷ പരിപാടിയുടെ ചിത്രങ്ങൾ ഫേസ്ബുക്കിൽ പങ്കുവച്ചിരിക്കുകയാണ് മന്ത്രി വി ശിവൻകുട്ടി. സെറ്റ് സാരി ധരിച്ച വിദ്യാർത്ഥിനികളും ഷർട്ടും മുണ്ടും ധരിച്ച വിദ്യാർത്ഥിനികളുമാണ് ചിത്രത്തിലുള്ളത്.
'ഇതുമാകാം അതുമാകാം അവരവരുടെ ഇഷ്ടം' എന്നും മാറ്റത്തിന് മാത്രമാണ് മാറ്റമില്ലാത്തതെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.